'ശ്രദ്ധിക്കുക, ഇലക്ട്രിസിറ്റി ബില്‍ ഉടനടി വിളിച്ച് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ മുട്ടന്‍ പണി'; സന്ദേശം സത്യമോ?
കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയത് എന്ന അവകാശവാദത്തോടെയാണ് ഒരു കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ദില്ലി: സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഏത് സന്ദേശമാണ് സത്യം എന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാറുണ്ട് പലരും. അത്രയധികം വിശ്വസനീയമായ രീതിയില്‍, സർക്കാർ ഉത്തരവുകളുടെയും അറിയിപ്പുകളുടെ രൂപത്തില്‍ വരെയാണ് വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. ഇത്തരത്തിലൊരു വൈറല്‍ സന്ദേശമാണ് വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്‍ ഉടനടി ഒരു ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെടുന്ന കത്ത്.
പ്രചാരണം
കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയത് എന്ന അവകാശവാദത്തോടെയാണ് ഒരു കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'പ്രിയ ഉപഭോക്താവെ, നിങ്ങളുടെ ഇലക്ട്രിസിറ്റി കണക്ഷന്‍ ഇന്ന് രാത്രി 9 മണിക്ക് വിഛേദിക്കും. കാരണം നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ ഇലക്ട്രിസ്റ്റി ഓഫീസർ ദേവേഷ് ജോഷിയെ ഫോണ്‍ വിളിക്കുക'. ഇലക്ട്രിസിറ്റി ഓഫീസറെ ഒറ്റ കോള്‍ വിളിച്ചാല്‍ നിങ്ങള്‍ക്ക് വൈദ്യുത ബില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ബില്‍ അപ്ഡേറ്റ് ചെയ്യാനുള്ള നമ്പർ ചുവടെ കൊടുക്കുന്നു' എന്നും പറഞ്ഞുകൊണ്ടാണ് വൈറല്‍ കത്ത്. കേന്ദ്ര ഊർജ മന്ത്രാലയത്തിന്‍റെ ഫേസ്ബുക്കിലും എക്സിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരുക' എന്ന ആവശ്യം കത്തില്‍ അവസാനമായി ചേർത്തിട്ടുണ്ട്. ചീഫ് ഇലക്ട്രിസിറ്റി ഓഫീസർ പുറത്തിറക്കിയതാണിത് എന്നാണ് കത്തില്‍ പറയുന്നത്.
വസ്തുത വ്യക്തമാക്കി പിഐബി
എന്നാല്‍ ഈ കത്ത് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയതല്ല എന്നതാണ് യാഥാർഥ്യം. കത്തില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈമാറരുത് എന്നും പ്രസ് ഇന്‍ഫർമേഷ്യന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് (പിഐബി ഫാക്ട് ചെക്ക്) വിഭാഗം അറിയിച്ചു. പിഐബിയുടെ ട്വീറ്റ് ചുവടെ കൊടുക്കുന്നു.
Read more: തൊഴിൽ സമയം 12 മണിക്കൂർ വരെ, പക്ഷേ ആഴ്ചയില്‍ 3 ദിവസം അവധി; വന്‍ പരിഷ്കാരത്തിനോ രാജ്യം? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം