മോദിയുടെ റോഡ് ഷോയിലേതല്ല, കെജ്രിവാളിനെതിരായ പ്രതിഷേധവുമല്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം
2008 ലെ ചിത്രം ഉപയോഗിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇത്. തെലങ്കാനയിലെ കൊല്ലപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം എന്ന നിലയിലാണ് ഒരു പ്രചരണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തിലുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ എന്ന നിലയിലും ചിത്രം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നതാണ് യാഥാർത്ഥ്യം. മോദിയുടെ റോഡ് ഷോയുടേതോ, കെജ്രിവാളിനെതിരായ പ്രതിഷേധത്തിന്‍റെയോ ചിത്രമല്ല ഇത് എന്നതാണ് വസ്തുത.
വസ്തുത ഇപ്രകാരം
ഈ ചിത്രം തെലങ്കാനയിൽ നിന്നുള്ളതോ ഗുജറാത്തിൽ നിന്നുള്ളതോ അല്ല എന്നതാണ് യാഥാർത്ഥ്യം. 2008 മെയ് മാസത്തിൽ ചൈനയിൽ നിന്നുള്ള ചിത്രമാണ് ഇത്. ചൈനയിലെ ഗ്വാങ്‌ഷൗവിൽ ഒളിമ്പിക് ടോർച്ച് കടന്നുപോകുന്ന സമയത്തെ ജനക്കൂട്ടമാണ് ചിത്രത്തിലുള്ളത്. 2008 മെയ് 12 ന് പ്രസിദ്ധീകരിച്ച ചിത്രമാണ് ഇതെന്നും വസ്തുത പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അന്ന് ലോകത്തെ വിവിധ മാധ്യമങ്ങളിൽ ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. യാഥാർത്ഥ്യം ഇതായിരിക്കെയാണ് 2008 ലെ ചിത്രം ഉപയോഗിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം