വോട്ടർമാരുടെ മനസിലിരിപ്പറിയാം, എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്; കോണ്‍ഗ്രസ് തോൽവി സമ്മതിച്ച് ഒളിച്ചോടിയെന്ന് ബിജെപി

ഏതാണ്ട് എല്ലാ ഏജന്‍സികളുടെയും കഴിഞ്ഞ തവണത്തെ ഫലസൂചന യഥാര്‍ത്ഥ കണക്കുകളുമായി ചേര്‍ന്ന് നിന്നിരുന്നു.

exit poll results lok sabha elections 2024  after six thirty today

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട് ആറരക്ക്. എക്സിറ്റ് പോള്‍ ചര്‍ച്ച ബഹിഷ്കരിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.  വൈകീട്ട് ഫലം വരാനിരിക്കേ  ഇന്ത്യ സഖ്യത്തിന്‍റെ യോഗം ഇന്ന് വൈകുന്നേരം ദില്ലിയില്‍ ചേരും. 

ജനവിധി അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേ വോട്ടര്‍മാരുടെ മനസിലിരിപ്പുമായി ഇന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരും. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയ പരിധി ആറരയ്ക്ക് കഴിയുന്നതിന് പിന്നാലെ ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങും. ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ, സി വോട്ടര്‍ സിഎസ്ഡിസ് തുടങ്ങിയ പ്രധാന ഏജന്‍സികള്‍ വാര്‍ത്താ മാധ്യമങ്ങളുമായി ചേര്‍ന്ന് ഫലം പുറത്ത് വിടും.  

ഏതാണ്ട് എല്ലാ ഏജന്‍സികളുടെയും കഴിഞ്ഞ തവണത്തെ ഫലസൂചന യഥാര്‍ത്ഥ കണക്കുകളുമായി ചേര്‍ന്ന് നിന്നിരുന്നു. എന്‍ഡിഎക്ക് 353 സീറ്റ് കിട്ടിയപ്പോള്‍ 300 മുതല്‍ 365 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിച്ചിരുന്നത്. 93 സീറ്റ് യുപിഎ നേടിയപ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനം 77 മുതല്‍ 134 സീറ്റ് വരെയായിരുന്നു. 2014ൽ 336 സീറ്റ് എന്‍ഡിഎ നേടിയപ്പോള്‍ ടുഡെയ്സ് ചാണക്യയുടെ പ്രവചനം മാത്രമാണ് അടുത്തു വന്നത്. 340 സീറ്റ് വരെയാണ് ടുഡെയ്സ് ചാണക്യ പ്രവചിച്ചത്. നൂറ് കടക്കുമെന്ന ഒട്ടുമിക്ക ഏജന്‍സികളുടെയും പ്രവചനങ്ങള്‍ക്ക് നടുവില്‍ യുപിഎക്ക് കിട്ടിയത് 60 സീറ്റും. 

എക്സിറ്റ് പോള്‍ ബിജെപി അജണ്ടയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ തോല്‍വി സമ്മതിച്ചുള്ള ഒളിച്ചോട്ടമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ തുടര്‍ നീക്കങ്ങളെങ്ങനെ എന്നാലോചിക്കാൻ ഇന്ത്യ സഖ്യം യോഗം ചേരുന്നുണ്ട്.  ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, അകാലിദൾ തുടങ്ങിയ പ്രാദേശിക കക്ഷികളെ സമീപിച്ചേക്കും. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ മമത ബാനര്‍ജിയും എം കെ സ്റ്റാലിനും പങ്കെടുക്കില്ല. ഡിഎംകെയെ പ്രതിനിധീകരിച്ച്  ട്രഷറര്‍ ടി ആര്‍ ബാലുവെത്തും. കന്യാകുമാരിയിലെ ധ്യാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിവരുന്നതോടെ ബിജെപിയും തുടര്‍ ചര്‍ച്ചകളിലേക്ക് കടക്കും. 

'കർഷകർക്കെതിരായ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമ വേണം': ബിജെപിക്കെതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ

Latest Videos
Follow Us:
Download App:
  • android
  • ios