കണ്ടാൽ തോന്നില്ലെങ്കിലും ഇത് സ്കൂൾ വിദ്യാർത്ഥികളുടെ പാർട്ടിയാണ്; വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ അന്വേഷണം
നടുറോഡിൽ തോക്കും പിടിച്ച് നടക്കുന്ന വിദ്യാർത്ഥികൾ ഇടയ്ക്കിടെ ആകാശത്തേക്ക് ചൂണ്ടി വെടിയുതിർക്കുന്നുമുണ്ട്. വാഹനങ്ങളിൽ നിരവധിപ്പേർ വേറെയും.
ഹരിദ്വാർ: സ്കൂൾ വിദ്യാർത്ഥികളുടെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ അധികൃതർ അന്വേഷണം തുടങ്ങി. ഉത്തരാഘണ്ഡിലെ ഹരിദ്വാറിലുള്ള ഒരു പ്രമുഖ സ്കൂളിൽ വർഷാവസാനം നടന്ന വിദ്യാർത്ഥികളുടെ യാത്രയയപ്പ് ആഘോഷങ്ങളിലാണ് വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയത്. നിരവധി വാഹനങ്ങളുമായി റോഡിലിറങ്ങിയ വിദ്യാർത്ഥികൾ അത്യന്തം അപകടകരമായ തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
വിദ്യാർത്ഥികളുടെ ഫെയർവെൽ പാർട്ടിയുടെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭാരതീയ ന്യായ സംഹിത 223, 125 വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വീഡിയോയിൽ കാണുന്ന വിദ്യാർത്ഥികളെ തിരിച്ചറിയാൻ ശ്രമം നടക്കുന്നതേയുള്ളൂ. ഏകദേശം എഴുപതോളം വിദ്യാർത്ഥികളെ പുറത്തുവന്ന വീഡിയോയിൽ കാണാനാവുന്നുണ്ട്. ഇവർ നിരവധി കാറുകളുടെ ഒരു ജാഥയായി നീങ്ങുകയാണ്.
ശേഷം ഹരിദ്വാറിനടുത്ത് ഭേൽ സ്റ്റേഡിയത്തിന് സമീപം ഒത്തുകൂടി. പിന്നീട് കാറുകൾ കൊണ്ടുള്ള അഭ്യാസ പ്രകടനമായിരുന്നു. ഇതിനിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ആഘോഷത്തിന് കൊഴുപ്പ് കൂട്ടുന്ന വിദ്യാർത്ഥികളെയും കാണാം. ചിലർ ഓടുന്ന കാറുകളുടെ മേൽക്കൂരയിൽ കയറി നിന്ന് എല്ലാം വീഡിയോയിൽ പകർത്തുന്നവരും ഉണ്ടായിരുന്നു. എല്ലാം നടുറോഡിൽ വെച്ചു തന്നെ. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് തുടർ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം