76 പേരുമായി പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിൽ തീപടർന്നു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, സംഭവം കാഠ്മണ്ഡുവിൽ
എഞ്ചിനിലേയ്ക്ക് തീ പടരുമ്പോൾ വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 76 പേർ ഉണ്ടായിരുന്നു.
കാഠ്മണ്ഡു: എഞ്ചിനിൽ തീ പടർന്നതിനെ തുടർന്ന് ബുദ്ധ എയർ വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. തീ പിടിച്ച സമയത്ത് വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 76 പേർ ഉണ്ടായിരുന്നു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ലളിത്പൂർ ആസ്ഥാനമായുള്ള ഒരു പ്രമുഖ എയർലൈനാണ് ബുദ്ധ എയർ പ്രൈവറ്റ് ലിമിറ്റഡ്. വിരമിച്ച സുപ്രീം കോടതി ജഡ്ജി സുരേന്ദ്ര ബഹാദൂർ ബാസ്‌നെറ്റും അദ്ദേഹത്തിൻ്റെ മകൻ ബീരേന്ദ്ര ബഹാദൂർ ബാസ്‌നെറ്റും ചേർന്നാണ് 1996 ഏപ്രിൽ 23-ന് ഈ വിമാനക്കമ്പനി സ്ഥാപിച്ചത്. 2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ നേപ്പാളിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായി ബുദ്ധ എയർ വളർന്നു. നേപ്പാളിലെ പ്രാദേശിക സർവീസുകൾക്ക് പുറമെ, കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വാരണാസിയിലേയ്ക്ക് അന്താരാഷ്ട്ര സർവീസും ബുദ്ധ എയർ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ജനുവരി 3ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കേരളത്തിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയതോടെ മുൻകരുതലിന്റെ ഭാഗമായി തിരിച്ചിറക്കുകയായിരുന്നു. ഐഎക്‌സ് 344 വിമാനത്തിൽ ആറ് ജീവനക്കാരടക്കം 182 പേരാണ് ഉണ്ടായിരുന്നത്.