ഒരു യുഗത്തിന് അവസാനം, അവസാന ടേക്ക് ഓഫ് ചെയ്ത് എയർ ഇന്ത്യയുടെ 'റാണി'
അന്തർദേശീയ തലത്തിലെ ദീർഘദൂര യാത്രകൾക്ക് ക്വീൻ ഓഫ് സ്കൈസ് എന്നറിയപ്പെട്ടിരുന്ന വിമാനങ്ങൾ ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ളവർ ഉപയോഗിച്ചിരുന്നു.
മുംബൈ: എയർ ഇന്ത്യയുടെ ജനപ്രിയ വിമാനങ്ങളായിരുന്ന ബോയിംഗ് 747 സർവീസുകൾ അവസാനിപ്പിച്ചു. ക്വീൻ ഓഫ് സ്കൈസ് എന്നറിയപ്പെട്ടിരുന്ന വിമാനങ്ങൾ ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ളവർ ഉപയോഗിച്ചിരുന്നു. ഇന്നലെയായിരുന്നു ഈ വിമാനത്തിന്റെ അവസാന സർവ്വീസ്. മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് രാവിലെ 40.47ഓടെയാണ് എയർ ഇന്ത്യയുടെ ജംപോ ജെറ്റ് വിമാനം അവസാന ടേക്ക് ഓഫ് നടത്തിയത്.
വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുവെന്ന് വിശദമാക്കിയുള്ള എയർ ഇന്ത്യ കുറിപ്പിന് നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്. അന്തർദേശീയമായുള്ള ദീർഘദൂര സർവ്വീസുകൾക്കായിരുന്നു മഹാരാജാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ പ്ലെയിൻഫീൽഡിലേക്കാണ് മഹാരാജയുടെ അവസാന സർവ്വീസ്. ഇവിടെ വച്ച് വിമാനം പൊളിച്ച് പാർട്സുകൾ മാറ്റും. 1971 മാർച്ച് 22നാണ് എയർ ഇന്ത്യയ്ക്ക് ബോയിംഗ് 747 വിഭാഗത്തിലെ ആദ്യ വിമാനം ലഭിച്ചത്.
ലോകത്താകമാനം ബോയിംഗ് 747 വിമാനങ്ങളുടെ സ്ഥാനം കൂടുതൽ മികച്ച സൌകര്യങ്ങൾ ലഭ്യമായ വിമാനങ്ങൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ നാല് ബോയിംഗ് 747 വിമാനങ്ങൾക്കും ഇതിനോടകം പുതിയ ഉടമസ്ഥരെ കണ്ടെത്താനായിട്ടുണ്ട്. വിമാനങ്ങൾക്ക് പാർട്സുകൾ വിതരണം ചെയ്യുന്ന കംപനിയാണ് ഇവയെ വാങ്ങിയിട്ടുള്ളത്. 2021ൽ യാത്രകൾ അവസാനിപ്പിച്ച ബോയിംഗ് 747 വിമാനം മുംബൈ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം