കൊവിഡ് രോഗബാധിതരായി മൃഗങ്ങളും; രാജ്യത്ത് ആദ്യമെന്ന് റിപ്പോര്‍ട്ട്

ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

Eight Asiatic lions at Hyderabads Nehru Zoological Park have tested positive for covid 19

ഹൈദരബാദ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും. ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്കാനിന് വിധേയമാക്കും. മൃഗങ്ങള്‍ക്ക് കൊവിഡ് ബാധ സംബന്ധിച്ച് മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല. 380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. കൊവിഡ് രോഗബാധിതരായ സിംഹങ്ങളില്‍ ചെറിയ ലക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്. കൊവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മൃഗശാല ജീവനക്കാര്‍ കൊവിഡ് പോസിറ്റീവായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios