ദില്ലിയില്‍ വീണ്ടും ഇഡി നടപടി; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
നേരത്തെ കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു
ദില്ലി: ദില്ലിയിൽ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റ്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. നേരത്തെ കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു.
ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഓഖ്ല നിയമസഭാ സീറ്റില്‍നിന്നുള്ള 50കാരനായ നിയമസഭാംഗമാണ് അമാനത്തുള്ള ഖാൻ. കഴിഞ്ഞയാഴ്ച അമാനത്തുള്ള ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഏപ്രില്‍ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അമാനുത്തുള്ള ഖാന്‍റെ വിശദീകരണം.
അതേസമയം,അറസ്റ്റിനെതിരെ എ എ പി രംഗത്തെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്കുള്ള ശ്രമമാണെന്നും കള്ളക്കേസിൽ എം എൽ എ മാരെ അറസ്റ്റ് ചെയ്യുന്നുവെന്നും സഞ്ജയ് സിങ്ങ് എം പി ആരോപിച്ചു.