കർണാടകയുടെ പരമാധികാരം എന്ന സോണിയാ ഗാന്ധിയുടെ പരാമർശം; പിസിസി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്.
ദില്ലി: കർണാടകയുടെ പരമാധികാരം എന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിന്റെ പേരിൽ കര്‍ണാടക പിസിസി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പരാമർശം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്.
അതേസമയം, കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധപരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. നാളെയാണ് നിശ്ശബ്ദപ്രചാരണം. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റന്നാളാണ് കർണാടകയിൽ വോട്ടെടുപ്പ്.