ട്രെയിൻ ടിക്കറ്റിന് കൊള്ളനിരക്ക്, കേരളത്തിലേക്കുള്ള ട്രെയിൻ ബുക്കിംഗ് അരമണിക്കൂറിൽ ഫുൾ
അതേസമയം കേരളത്തിൽ തീവണ്ടി മാർഗ്ഗം വരുന്നവർ ഈ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കേരള സർക്കാർ അറിയിച്ചു. ടിക്കറ്റിൻ്റെ വിശദാംശങ്ങൾ പോർട്ടലിൽ നൽകണം
ദില്ലി: ഭാഗികമായി പുനരാരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ സർവ്വീസുകളിൽ കൊള്ളനിരക്ക്. തിരക്കേറുമ്പോൾ ടിക്കറ്റ് നിരക്കും കൂടുന്ന ഡൈനാമിക് പ്രൈസിംഗ് ഏർപ്പെുത്തിയതാണ് പാസഞ്ചർ തീവണ്ടികളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടാൻ കാരണം. ഇന്നലെ ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തേർഡ് എസി ടിക്കറ്റെടുത്ത ഒരാൾ 5400 രൂപയാണ് ചാർജായി നൽകിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഐആർസിടിസി വെബ്സൈറ്റും ആപ്പും വഴി റെയിൽവേ സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചത്. അരമണിക്കൂറിൽ തന്നെ കേരളത്തിലേക്ക് അടക്കമുള്ള ടെയ്രിനുകളിലെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നു. ഡൈനാമിക്ക് പ്രൈസിംഗ് ഏർപ്പെടുത്തിയ കാരണം ആദ്യമിനിറ്റുകളിൽ ബുക്ക് ചെയ്തവർ മൂവായിരവും അവസാന ടിക്കറ്റുകകൾ ബുക്ക് ചെയ്തവർ 5000-ത്തിലേറെ രൂപയും നൽകേണ്ട അവസ്ഥയാണ് ഉണ്ടായത്.
അതേസമയം കേരളത്തിൽ തീവണ്ടി മാർഗ്ഗം വരുന്നവർ ഈ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കേരള സർക്കാർ അറിയിച്ചു. ടിക്കറ്റിൻ്റെ വിശദാംശങ്ങൾ പോർട്ടലിൽ നൽകണം. തിരികയെത്തുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ പരിശോധനയുണ്ടാകുമെന്നും യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനുകളിൽ നിന്നും പ്രത്യേക കെഎസ്ആർടിസി ബസ് സർവ്വീസുകൾ ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു. തിരികെ വരുന്നവരെ റെയിൽവേ സ്റ്റേഷനിൽ സ്ക്രീൻ ചെയ്ത ശേഷമായിരിക്കും വീട്ടിലേക്ക് വിടുക.
വീടുകളിലേക്ക് കൂട്ടികൊണ്ടുപോകാൻ ഒരാൾ മാത്രമേ വരാവൂ.മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.
ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും.
വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻറൈനിൽ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറൻറൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.