കനത്ത മഴ, പൊടുന്നനെ റോഡിന് നടുവിൽ വമ്പൻ ഗർത്തം; കാറിന്‍റെ പാതിയും കുഴിയിൽ പൂണ്ടു, രക്ഷപ്പെട്ട് ഡ്രൈവർ; വീഡിയോ
റോഡിന് നടുവിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് കാർ പൂര്‍ണമായി വീഴാൻ പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
ലഖ്നൗ: റോഡിന് നടുവില്‍ പൊടുന്നനെ രൂപപ്പെട്ട കൂറ്റന്‍ ഗര്‍ത്തത്തില്‍ കാര്‍ പാതി പൂണ്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ബൽറാംപൂർ ആശുപത്രിക്ക് സമീപമാണ് റോഡ് തകര്‍ന്നത്. റോഡിന് നടുവിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് കാർ പൂര്‍ണമായി വീഴാൻ പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
ലഖ്‌നൗവിലെ ക്രിസ്ത്യൻ കോളേജിന് സമീപത്ത് കൂടി കാർ കടന്നുപോകുമ്പോൾ റോഡ് തകരുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തിൽ ഡ്രൈവർക്ക് ബ്രേക്ക് ചവിട്ടി നിര്‍ർത്താൻ സമയം ഒട്ടും ലഭിച്ചില്ല. ഇതോടെ കാർ വലിയ ഗർത്തത്തിലേക്ക് ചരിഞ്ഞു. കാറിന്‍റെ മുൻഭാഗം വലിയ ഗർത്തത്തിലേക്ക് ചരിഞ്ഞെങ്കിലും പൂർണമായി ഗർത്തത്തിലേക്ക് വീഴാത്തതിനാൽ ഡ്രൈവർ രക്ഷപെടുകയായിരുന്നു. ആശുപത്രിക്ക് സമീപം റോഡ് തകർന്ന വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി പെയ്യുന്ന തുടർച്ചയായ മഴയിലാണ് റോഡ് തകര്‍ന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, അപകടത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് എസ്പി നേതാവ് അഖിലേഷ് യാദവ് കടുത്ത വിമര്‍ശനമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിട്ടുള്ളത്.
കുഴിരഹിത യുപി എന്ന ബിജെപിയുടെ അവകാശവാദത്തിന്റെ അടിസ്ഥാന സത്യമാണിതെന്ന് അഖിലേഷ് ട്വിറ്ററിൽ കുറിച്ചു. ബൽറാംപൂർ ആശുപത്രിക്ക് സമീപം റോഡ് തകരുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് പുറമെ നിരവധി ബസുകളും ആംബുലൻസുകളും ഇവിടെ വന്നു പോകുന്നതാണ്. ഈ റോഡ് ഉടൻ നന്നാക്കുകയും അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...