പുതു ചരിത്രം കുറിച്ച് ദ്രൗപദി മുർമു, രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗ നേതാവ്
വെല്ലുവിളികൾക്ക് മുന്നിൽ പതറാത്ത മുർമു, ഒഡീഷയിലെ സന്താൾ ഗോത്ര വർഗ കോളനിയിൽ തുടങ്ങിയ യാത്ര രാഷ്ട്രപതി ഭവനിൽ
ദില്ലി: രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവായി ദ്രൌപദി മുർമു. ഒഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ കുറിക്കപ്പെടുകയാണ് പുതു ചരിത്രം.
ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വറിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. പിന്നീട് സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്റംഗ്പൂർ മുൻസിപ്പൽ കൗൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമു മുതൽക്കൂട്ടായി. ബിജെഡി–ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമു ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി–ബിജെപി സഖ്യം തകർന്നതിനാൽ മുർമു പരാജയപ്പെട്ടു.
തുടർന്നിങ്ങോട്ട് വ്യക്തി ജീവിതത്തിൽ ഏറെ നഷ്ടങ്ങൾ നേരിട്ടു മുർമു. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണം മുർമുവിനെ ഉലച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാർഖണ്ഡ് ഗവർണറായി ആയിട്ടാരുന്നു മുർമുവിൻറെ തിരിച്ച് വരവ്. ജാർഖണ്ഡിലെ ഭൂ നിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങൾക്കിടെയായിരുന്നു ദ്രൗപദി മുർമു ഗവർണറായി എത്തിയത്. ജാർഖണ്ഡ് സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ദ്രൗപദി മുർമു ഒപ്പ് വയ്ക്കാതെ മടക്കി അയച്ച ചരിത്രവും മുർമുവിനുണ്ട്.
മന്ത്രിയായും ഗവർണറായുമുള്ള ഭരണ മികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്. ആദ്യമായി ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു വനിത റായ്സിന കുന്നിലെത്തുമ്പോൾ ദ്രൗപദി മുർമുവിൻറെ നയവും രീതിയും എന്താവും എന്നറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യ.