'നവംബർ 19-ന് എയർ ഇന്ത്യ പറക്കരുത്, സിഖുകാർ യാത്ര ചെയ്യരുത്'; എയർലൈൻ ആക്രമിക്കുമെന്ന് സൂചന നൽകി ഖലിസ്ഥാൻ നേതാവ്

ക്രിക്കറ്റ് ലോകകപ്പ്  ഫൈനൽ ദിനത്തിൽ എയർലൈൻ ആക്രമിക്കുമെന്ന് സൂചന നൽകി ഖലിസ്ഥാൻ നേതാവ്
 

Don t Fly Air India On Nov 19 K Terrorist Pannun Tells Sikhs Hints At Attacking Airline On Day Of CWC Final

ദില്ലി: നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കപ്പെടുമെന്ന സൂചന നൽകി ഖലിസ്ഥാൻ വാദി നേതാവിന്റെ വീഡിയോ. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ നേതാവും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തലവനുമായ ഗുർപത്‌വന്ത് സിംഗ് പന്നൂൻ ആണ് എയർ ഇന്ത്യ വിമാന സർവീസുകൾ തടസപ്പെടുത്തുമെന്ന തരത്തിൽ വീണ്ടും ഭീഷണി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിഖ്‌സ് ഫോർ ജസ്റ്റീസ് എന്ന വാട്ടർമാർക്ക് ഉള്ള ഒരു വീഡിയോ, എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ സിഖ് സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ് എന്ന് പറഞ്ഞാണ് തുടങ്ങുന്നത്.

നവംബർ 19-ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി ഞങ്ങൾ എയർ ഇന്ത്യ സർവീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. നവംബർ 19ന് എയർ ഇന്ത്യ സർവീസുകൾ ഉപയോഗിക്കരുതെന്ന് സിഖ് സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഉപദേശിക്കുക. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കിയേക്കാം എന്നും പന്നൂൻ വീഡിയോയിൽ പറയുന്നു. 19 ന് ഇന്ദിരാഗാന്ധി വിമാനത്താവളം അടച്ചുപൂട്ടുമെന്നുള്ള മുന്നറിയിപ്പും ഇന്ത്യൻ സർക്കാരിന് പുന്നൂൻ വീഡിയോയിൽ നൽകുന്നുണ്ട്. 

"ഈ നവംബർ 19-ന് ലോകകപ്പ് ടെറർ കപ്പിന്റെ ഫൈനലും നടക്കുന്നുണ്ട്" ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിനെ പരാമർശിച്ച് പന്നൂൻ പറയുന്നു. അന്ന്, ഇന്ത്യ സിഖ് സമുദായത്തെ അടിച്ചമർത്തുന്നതിന് ലോകം സാക്ഷിയാകും, ഒരിക്കൽ പഞ്ചാബ് സ്വാതന്ത്ര്യം നേടിയാൽ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാൻ എയർപോർട്ട് എന്ന് മാറ്റുമെന്നും പുന്നൂൻ പറഞ്ഞു. 1984 ഒക്‌ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ദില്ലിയിലെ വസതിയിൽ വച്ച് കൊലപ്പെടുത്തിയ അംഗരക്ഷകരായിരുന്നു ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും.

Read more:  'ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവ്വീസ് ഉടനില്ല': എസ് ജയശങ്കർ

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഖലിസ്ഥാൻ ഹിതപരിശോധനയിലൂടെ ആരംഭിച്ചുകഴിഞ്ഞുവെന്നും ഇന്ത്യൻ ടാങ്കുകൾക്കും പീരങ്കികൾക്കും അതിന്റെ സാക്ഷാത്കാരത്തെ തടയാനാവില്ലെന്നും പന്നൂൻ പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിലും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട്  അനാദരവ് കാട്ടിയെന്ന് ആരോപിച്ചു ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പന്നൂൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios