ആധാര്‍ കാര്‍ഡ് മാത്രം മതി; 478000 രൂപ ലോണ്‍ ലഭിക്കുമോ? അറിയേണ്ട വസ്തുത
എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4,78,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ലോണ്‍ നല്‍കുന്നതായാണ് മെസേജില്‍ പറയുന്നത്
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രകാരം വളരെ എളുപ്പത്തിലും കുറഞ്ഞ പലിശയിലും ലോണ്‍ നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ മുമ്പ് ഏറെ വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. വെറും രണ്ട് ശതമാനം പലിശയ്ക്ക് വരെ ലോണ്‍ നല്‍കുന്നതായി വാഗ്ദാനം ഇവയിലുണ്ടായിരുന്നു. ഇത്തരത്തിലൊരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ വച്ച് ലോണ്‍ ലഭിക്കും എന്നാണ് പ്രചാരണം. ഈ സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 4,78,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ലോണ്‍ നല്‍കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ മെസേജില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്.
വസ്‌തുത
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4,78,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ലോണ്‍ നല്‍കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരം വ്യാജമാണ്. ലോണ്‍ നല്‍കുന്നതായുള്ള സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഈ മെസേജ് കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആരും കൈമാറരുത് എന്ന് പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
മുന്നറിയിപ്പ് മുമ്പും
പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ മൂന്ന് ലക്ഷം രൂപയുടെ ലോണ്‍ ലഭ്യമാണ് എന്ന തരത്തില്‍ ഒരു കത്ത് നേരത്തെ വ്യാപകമായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് പിഐബി ഈ മാസാദ്യം മുന്നറിയിപ്പ് നല്‍കി. ലോണിന് വെറും രണ്ട് ശതമാനം പലിശനിരക്കാണ് കത്തില്‍ കാണിച്ചിരിക്കുന്നത്. അതേസമയം ലീഗല്‍ ചാര്‍ജായി ജനങ്ങളില്‍ നിന്ന് 36,500 രൂപ കത്തില്‍ ആവശ്യപ്പെടുന്നുമുണ്ടായിരുന്നു. ലോണ്‍ ലഭിക്കാനായി 36,500 രൂപ അടച്ച് ആരും വഞ്ചിതരാവരുത് എന്നായിരുന്നു പിഐബി ഫാക്ട് ചെക്ക് പൊതുജനങ്ങള്‍ക്ക് അന്ന് നല്‍കിയ നിര്‍ദേശം.
Read more: രണ്ട് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ ലോണ്‍ ഉടനടിയോ; വൈറല്‍ കത്ത് ശരിയോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം