എമർജൻസി വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞ ഡോക്ടറെ വളഞ്ഞിട്ട് തല്ലി, രോഗി ശ്രമിച്ചിട്ടും തടയാനായില്ല; വീഡിയോ
സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഡോക്ടർ നിലത്തുവീണു. അതിനിടെ കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീ എഴുന്നേറ്റുവന്നു. അവരും മുറിയിൽ ഉണ്ടായിരുന്ന നഴ്‌സും അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അഹമ്മദാബാദ്: അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടറെ വളഞ്ഞിട്ട് തല്ലി. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നവരാണ് അക്രമം അഴിച്ചുവിട്ടത്. ഗുജറാത്തിലെ ഭാവ്നഗറിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മർദിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ, കട്ടിലിൽ സ്ത്രീ കിടക്കുന്നതായി കാണാം. അരികിൽ കുറച്ച് പുരുഷന്മാർ നിൽക്കുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ ജയ്ദീപ് സിൻഹ് ഗോഹിൽ അവിടെയെത്തി. രോഗിയുടെ കൂടെ വന്നവരോട് ചെരിപ്പ് പുറത്ത് അഴിച്ചിടാൻ ആവശ്യപ്പെട്ടു.
ഇതോടെ ഡോക്ടറും കൂട്ടിരിപ്പുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യേറ്റത്തിലേക്ക് കടന്നു. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഡോക്ടർ നിലത്തുവീണു. അതിനിടെ കട്ടിലിൽ കിടക്കുന്ന സ്ത്രീ എഴുന്നേറ്റുവന്നു. അവരും മുറിയിൽ ഉണ്ടായിരുന്ന നഴ്‌സും അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലത്തുവീണ ഡോക്ടർ എഴുന്നേറ്റ് കസേര കയ്യിലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. അതിനിടെ മുറിയിലുണ്ടായിരുന്ന മരുന്നുകളും മറ്റ് ഉപകരണങ്ങളും സംഘർഷത്തിൽ നശിച്ചു.
ഹിരേൻ ദംഗർ, ഭവദീപ് ദംഗർ, കൗശിക് കുവാഡിയ എന്നിവരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 115 (2) (മുറിവേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി), 352 (സമാധാനം തകർക്കൽ), 351 (3) (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം