National Award : ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം; മുബാറക്ക് നിസ മികച്ച ചിത്രകലാകാരി
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും.
ദില്ലി: ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്കാരങ്ങൾ (Dr. Mangalam Swaminathan National Awards) വിതരണം ചെയ്തു. കലാസാംസ്കാരിക രംഗത്തെ നേട്ടങ്ങൾക്കും ലോകപ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾക്കുമുള്ള അംഗീകാരമായി ചിത്രകലാകാരി മുബാറക്ക് നിസ ദേശീയ പുരസ്കാരം സ്വീകരിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിനിയായ മുബാറക്ക് നിസ എംപി അൻവറിന്റെയും നസീമ അൻവറിന്റെയും മകളാണ്. നവംബർ 29 ന് വൈകിട്ട് 4.30 ന് ന്യൂഡൽഹിയിലെ എൻഡിഎംസി മെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഡ് ഗതാഗത വകുപ്പ് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി, തുറമുഖ ഷിപ്പിംഗ് ടൂറിസം വകുപ്പ് കേന്ദ്രമന്ത്രി ശ്രീ ശ്രീപദ് നായിക്, ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ കേന്ദ്രമന്ത്രി ശ്രീ മുരളി മനോഹർ ജോഷി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു.
ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ 2020-21 വർഷങ്ങളിലെ ജേർണലിസം, സയൻസ് റിപ്പോർട്ടിംഗ്, കല സംസ്കാരം, ആരോഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാർഡ് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും.