രാജീവ് ഗാന്ധിയുടെ മുഴുവൻ പേര് നിങ്ങൾക്കറിയുമോ? ഫിറോസ് ഗാന്ധിയുടെ എതിർപ്പും നെഹ്റുവിന്‍റെ നടക്കാതെ പോയ ആഗ്രഹവും
1944 ഒക്ടോബർ ഇരുപതിന്, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ കുടുംബത്തിൽ, ജവഹർലാൽ നെഹ്‍റുവിന്‍റെ മകൾ ഇന്ദിരയ്ക്കും ഭർത്താവ് ഫിറോസ് ഗാന്ധിക്കും, കന്നി സന്താനമായി ഒരാൺകുഞ്ഞു ജനിച്ചപ്പോൾ അവന്റെ മുത്തച്ഛൻ ജയിലിലായിരുന്നു
രാജീവ് ഗാന്ധിയുടെ മുഴുവൻ പേര് നിങ്ങൾക്കറിയുമോ എന്ന് ചോദിച്ചാൽ പലരും പറയും, അറിയാം രാജീവ് രത്ന ഗാന്ധി എന്നല്ലേ എന്ന്. എന്നാൽ ആ അറിവ് അപൂർണമാണ്. 1944 ഒക്ടോബർ ഇരുപതിന്, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ കുടുംബത്തിൽ, ജവഹർലാൽ നെഹ്‍റുവിന്‍റെ മകൾ ഇന്ദിരയ്ക്കും ഭർത്താവ് ഫിറോസ് ഗാന്ധിക്കും, കന്നി സന്താനമായി ഒരാൺകുഞ്ഞു ജനിച്ചപ്പോൾ അവന്റെ മുത്തച്ഛൻ ജയിലിലായിരുന്നു. ഇന്ദിര അച്ഛന് ജയിലിലേക്കയച്ച കത്തിലൂടെയാണ് തനിക്കൊരു പൗത്രനുണ്ടായ വിവരം നെഹ്‌റു അറിയുന്നത്.
ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെ നൈനിയിൽ വെച്ച്, തെരുവുവിളക്കിന്റെ വെട്ടത്തിൽ നെഹ്‌റു ഇന്ദിരയുടെ ഒക്കത്തിരിക്കുന്ന തന്‍റെ കൊച്ചുമോനെ ആദ്യമായി കാണുന്നു. കുഞ്ഞിന്റെ ചോറൂണിനു സമയമായപ്പോൾ, പേരെന്ത് വേണം എന്നായി ചർച്ച. ഇന്ദിരയും ഫിറോസും ജയിലേക്ക് കത്തെഴുതി അയച്ച പേരുകളിൽ, നെഹ്റിവിനിഷ്ടപ്പെട്ടത്, അകാലത്തിൽ ക്ഷയം ബാധിച്ചു മരിച്ച തന്റെ ഭാര്യ കമലയെ ഓർമിപ്പിക്കുന്ന 'രാജീവ്' എന്ന പേരായിരുന്നു.
ജവഹർ തന്റെ പേരിനെ ധ്വനിപ്പിക്കാൻ 'രത്ന' എന്ന വാക്ക് നടുക്ക് പ്രതിഷ്ഠിച്ചത് നെഹ്റുവാണ്. അതോടെ പേര് രാജീവ് രത്ന ഗാന്ധി എന്നായി. ചർച്ച തുടർന്നപ്പോൾ പേരിൽ ഒരു പാഴ്സി വാക്ക് കൂടി വേണം എന്ന് നിർദേശം വന്നു. ബൃഹസ്‌പതി എന്നർത്ഥം വരുന്ന 'ബിർജിസ്' എന്ന വാക്കുകൂടി ചേർത്ത് പേര്, രാജീവ് രത്ന ബിർജിസ് ഗാന്ധി എന്നാകുന്നു.
സത്യത്തിൽ പേരിടൽ അവിടെയും അവസാനിച്ചിരുന്നില്ല. തന്റെ പൗത്രന്റെ പേരിൽ നെഹ്‌റു എന്ന കുടുംബപ്പേരുകൂടി ചേർക്കണം എന്ന് ജവഹറിനുണ്ടായിരുന്നു. അത് പക്ഷെ, മരുമകൻ ഫിറോസ് ഗാന്ധിയുടെ എതിർപ്പിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രാജീവ് രത്ന ബിർജിസ് ഗാന്ധി... വളർന്നു വലുതായി ഒരു കൊമേർഷ്യൽ പൈലറ്റും, നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായത് ചരിത്രത്തിന്റെ ഭാഗം.
കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്? ഇതാ ഉത്തരവുമായി എം ബി രാജേഷ്, മാതൃകയാക്കാമെന്ന് മന്ത്രി