മോഷണം പോയ പോത്തിന് രണ്ട് ഉടമകൾ; ഡിഎൻഎ ടെസ്റ്റ് നടത്താൻ പൊലീസ്

രണ്ട് വർഷം മുമ്പാണ് മൂന്ന് വയസ്സ് പ്രായമുള്ള തന്റെ പോത്തിനെ മോഷണം പോയതായി ചന്ദ്രപാൽ കശ്യപ് എന്നയാൾ പരാതിപ്പെട്ടത്.

DNA test on  Stolen Buffalo to settle ownership clash

മീററ്റ്: മോഷണം പോയ പോത്തിന്റെ ഉടമസ്ഥനെ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പൊലീസ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷം മുമ്പാണ് മൂന്ന് വയസ്സ് പ്രായമുള്ള തന്റെ പോത്തിനെ മോഷണം പോയതായി ചന്ദ്രപാൽ കശ്യപ് എന്നയാൾ പരാതിപ്പെട്ടത്. 2020 ഓഗസ്റ്റ് 25 ന് തന്റെ പശുത്തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിനെ മോഷ്ടിച്ചതായി ഇയാൾ ആരോപിച്ചത്. നവംബറിൽ മോഷ്ടിക്കപ്പെട്ട പോത്തിനെ സമീപ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് ഇയാൾ അവകാശവാദമുന്നയിച്ചു. സഹരൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ ഒരാളുടെ പക്കലാണ് തന്റെ പോത്തെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. എന്നാൽ, അപ്പോൾ പോത്തിന്റെ ഉടമയായിരുന്ന സത്ബീർ സിംഗ് ഇത് നിരസിച്ചു. പൊത്ത് തന്റേതാണെന്ന് സത്ബീർ ഉറപ്പിച്ച് പറഞ്ഞതോടെ തർക്കമായി. 

പോത്തിന്റെ യഥാർഥ ഉടമയെ തിരിച്ചറിയാൻ ഷംലി എസ്പി സുകൃതി മാധവ് ഡിഎൻഎ പരിശോധനക്ക് ഉത്തരവിട്ടു. പോത്തിനെ പ്രസവിച്ച എരുമ ഇപ്പോഴും പരാതിക്കാരനായ ചന്ദ്രപാൽ കശ്യപിന്റെ പക്കലുണ്ട്. ഈ എരുമയുമായി ഡിഎൻഎ പരിശോധന നടത്തി ഒത്തുനോക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്പി പറഞ്ഞു.

പോത്തിന്റെ ഇടതുകാലിലെ പാടും വാലിന്റെ അറ്റത്ത് ഒരു വെളുത്ത അടയാളവുമാണ് തിരിച്ചറിയാൻ കാരണമെന്ന് ചന്ദ്രപാൽ കശ്യപ് പറഞ്ഞു. പോത്തിന്റെ അടുത്ത് ചെന്നപ്പോൾ അത് തന്നെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി ഡിഎൻഎ ടെസ്റ്റ് കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മൃഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന ഒരു ലാബ് യുപിയിലില്ല. ഗുജറാത്തിലോ ദില്ലിയിലോ സാമ്പിൾ എത്തിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഹൈദരാബാദ് കൂട്ടബലാത്സംഗം, ഒടുവിൽ അറസ്റ്റിലായവരും പ്രായപൂർത്തിയാകാത്തവർ

Latest Videos
Follow Us:
Download App:
  • android
  • ios