കുർത്തയും പൈജാമയും ധരിച്ച അധ്യാപകന് ചീത്തവിളി, സസ്പെൻഷൻ, സാലറി കട്ട്
സ്ഥലത്തുണ്ടായിരുന്ന വിദ്യാഭ്യാസ ഓഫീസറെ വിളിച്ച് ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട മജിസ്ട്രേറ്റ് സാലറി വെട്ടിക്കുറയ്ക്കാനും ആവശ്യപ്പെട്ടു.
പാറ്റ്ന : ജോലിസ്ഥലത്ത് 'കുർത്ത പൈജാമ' ധരിച്ചതിന് സ്കൂൾ ഹെഡ്മാസ്റ്ററെ അപമാനിച്ച് ജില്ലാ മജിസ്‌ട്രേറ്റ്. ബീഹാറിലെ ലഖിസാരായി ജില്ലയിലെ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് ആണ് കുർത്ത പൈജാമ ധരിച്ചതിന് സ്‌കൂളിലെ പ്രധാനാധ്യാപകനെ ശകാരിക്കുകയും സസ്പെന്റ് ചെയ്യുകയും ചെയ്തത്. ഒരു അധ്യാപകനേക്കാൾ രാഷ്ട്രീയക്കാരനെപ്പോലെയാണെന്ന് പറഞ്ഞാണ് ഇയാൾക്കെതിരെ മജിസ്ട്രേറ്റ് കേസെടുത്തത്.
അധ്യാപകനെ ആളുകളുടെ മുന്നിൽ വച്ച് അപമാനിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വീഡിയോയിൽ, ടീച്ചറുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും “നിങ്ങൾ ഒരു ടീച്ചറെപ്പോലെയാണോ? നിങ്ങൾ ജനപ്രതിനിധിയെപ്പോലെയാണ്“ - ഇങ്ങനെ പറയുകയും ചെയ്യുന്നത് കേൾക്കാം.
സർക്കാർ ഉത്തരവനുസരിച്ച് സ്‌കൂളിൽ പരിശോധനയ്‌ക്കെത്തിയതായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ്. ഹെഡ്മാസ്റ്റർ നിർഭയ് കുമാർ സിംഗ് വെള്ള കുർത്ത പൈജാമയാണ് ധരിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പ്രവർത്തനരീതിയെയും മജിസ്ട്രേറ്റ് ചോദ്യം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിദ്യാഭ്യാസ ഓഫീസറെ വിളിച്ച് ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ശമ്പളം വെട്ടിക്കുറയ്ക്കാനും സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഉത്തരവിട്ടു.