വിവാഹമോചനം കഴിഞ്ഞ് 5 വർഷത്തിന് ശേഷം യുവാവിന് ഹൃദയ ശസ്ത്രക്രിയ,ക്ഷേമാന്വേഷണത്തിന് മുൻ ഭാര്യയെത്തി, ട്വിസ്റ്റ്
മുൻ ഭർത്താവിന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്ത പൂജയറിഞ്ഞപ്പോൾ സുഖവിവരങ്ങൾ അറിയാൻ അവർ ആശുപത്രിയിലെത്തി.
ഗാസിയാബാദ്: 2018ൽ വിവാഹമോചിതരായ യുവാവും യുവതിയും അഞ്ച് വർഷത്തിന് ശേഷം വീണ്ടും വിവാഹിതരായി. ഗാസിയാബാദിലെ കൗശാമ്പിയിൽ നിന്നുള്ള ദമ്പതികളാണ് വീണ്ടും വിവാഹിതരായി വാർത്തകളിൽ ഇടം പിടിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുൻ ഭർത്താവ് ചികിത്സയിലിരിക്കെയാണ് യുവതിയുടെ മനസ് മാറിയതും വീണ്ടും വിവാഹിതരായതും. വിനയ് ജയ്‍സ്‍വാളും പൂജാ ചൗധരിയുമാണ് വിവാഹിതരായത്.
വിനയ് ജയ്‌സ്വാളും പൂജ ചൗധരിയും 2012 ൽ വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. കാര്യങ്ങൾ വഷളായതോടെ അവർ വിവാഹമോചനത്തിന് തീരുമാനിച്ചു. ഗാസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിങ്ങനെ മൂന്ന് കോടതികളിലൂടെയാണ് ഇവരുടെ വിവാഹമോചന കേസ് കടന്നുപോയത്. അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2018ൽ വിനയും പൂജയും വേർപിരിഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ വിനയിന് ഹൃദയാഘാതം സംഭവിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു.
മുൻ ഭർത്താവിന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്ത പൂജയറിഞ്ഞപ്പോൾ സുഖവിവരങ്ങൾ അറിയാൻ അവർ ആശുപത്രിയിലെത്തി. ഒരുമിച്ച് സമയം ചിലവഴിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുകയും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. അങ്ങനെ നവംബർ 23 ന് വിനയ്‌യും പൂജയും പരസ്പരം വീട്ടുകാരുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരായി.
ഗാസിയാബാദിലെ കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിനയ് ജയ്‌സ്വാൾ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെയിൽ) അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. പട്‌ന നിവാസിയായ പൂജ ചൗധരി അധ്യാപികയായി ജോലി ചെയ്യുന്നു.