അംബാനി കല്യാണം ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ഗാന്ധി കുടുംബവും കോണ്‍ഗ്രസുകാരും; കാരണം രാഹുൽ ഗാന്ധിയുടെ നിർദേശം

സോണിയെ ​ഗാന്ധിയെ ദില്ലിയിലെ പത്ത് ജൻപഥിൽ എത്തി മുകേഷ് അംബാനി ക്ഷണിച്ചിരുന്നു.

discussion over congress leaders including rahul gandhi and sonia not attended Anant Ambani-Radhika Merchant Wedding congress leaders explained the reason

ദില്ലി: ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത മുംബൈയിൽ നടന്ന ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹ ചടങ്ങിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അസാന്നിധ്യവും ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി മുതൽ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലകളിലെ പ്രമുഖർ അണിനിരന്നപ്പോൾ, കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ കല്യാണത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മമത ബാനർജി, അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിലെ പല നേതാക്കളും വിവാഹത്തിൽ പങ്കെടുത്തപ്പോഴാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അംബാനിയുടെ ക്ഷണം ഉണ്ടായിട്ടും വിട്ടുനിന്നത്. സോണിയെ ​ഗാന്ധിയെ ദില്ലിയിലെ പത്ത് ജൻപഥിൽ എത്തി മുകേഷ് അംബാനി ക്ഷണിച്ചിരുന്നു. പ്രിയങ്ക ​ഗാന്ധിയുടെ കൂടി താല്പര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഫോണിലൂടെ ക്ഷണിച്ച ശേഷം അംബാനിയുടെ പ്രതിനിധികൾ എത്തി കത്ത് കൈമാറിയിരുന്നു. എങ്കിലും, ​കോൺ​ഗ്രസിലെ ദേശീയ നേതാക്കളാരും വിവാഹത്തിൽ പങ്കെടുത്തില്ല. പകരം സോണിയ ​ഗാന്ധി ആശംസകൾ നേർന്ന് ​അംബാനി കുടുംബത്തിന് കത്തയച്ചു. വിവാഹത്തിൽ വിട്ടു നിൽക്കാമെന്നത് നേതാക്കൾ കൂടിയാലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

രാഹുൽ ഗാന്ധിയാണ് വിവാഹത്തിന് പോകേണ്ടെന്ന് നിർദേശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മുകേഷ് അംബാനിയെ കാണാനും രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. അതേസമയം, ഡികെ ശിവകുമാർ അടക്കം ചില സംസ്ഥാനങ്ങളിലെ നേതാക്കൾ പോയത് പാർട്ടിയുമായി ആലോചിച്ച് അല്ലെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. 


അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി.
ഈ സാഹചര്യത്തിൽ വിവാഹത്തിന് പോകുന്നത് തൻറെ വാദത്തിന്‍റെ മുനയൊടിക്കും എന്നാണ് രാഹുൽ കരുതിയത്. മാത്രമല്ല ഇത്രയും വലിയ ആഡംബരത്തിനെതിരായ നിലപാട് പാർട്ടിയോട് സാധാരണക്കാർക്കുള്ള മതിപ്പ് കൂട്ടുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.

രാഹുലിന്‍റെ നിലപാടിന് വലിയ കൈയ്യടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. രാഹുലിന്‍റെ നിലപാടിനെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ പുകഴ്തത്തി. ഒരു റസ്റ്റോറൻറിൽ ഇരുന്ന് രാഹുൽ അടുത്തിടെ പിസ കഴിച്ചതിൻറെ ദൃശ്യങ്ങൾ പങ്കു വച്ചാണ് അനുയായികൾ അംബാനി വിവാഹത്തിൽ നിന്ന് വിട്ടു നിന്നതിനെ പുകഴ്ത്തുന്നത്. 

അംബാനിക്കല്ല്യാണത്തിൽ മോദിയും മമതയും പങ്കെടുക്കുമ്പോൾ രാഹുൽ ​ഗാന്ധി എവിടെയായിരുന്നു -വീഡിയോ വൈറല്‍

ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios