'കൊവിഡിനെ ചെറുക്കാൻ പശുവിന്റെ മൂത്രം കുടിക്കൂ'; വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്
ഇതാദ്യമായല്ല ദിലീപ് ഘോഷ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.'പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന' പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു.
കൊൽക്കത്ത: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകജനത. കൊവിഡിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന തരത്തിൽ നിരവധി വാദങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ പശുവിന്‍റെ മൂത്രം കുടിച്ച് കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തുവെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബംഗാളിലെ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്.
വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കൊവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. "ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്‍റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്‍റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്"; ദിലീപ് ഘോഷ് പറയുന്നു.
ഇതാദ്യമായല്ല ദിലീപ് ഘോഷ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.'പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന' പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു. പശുവിന്‍റെ മൂത്രം കുടിച്ചാല്‍ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും അടുത്തിടെയും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.