ജിമ്മുകള്‍ തുറക്കണം, 'പുഷ് അപ്' സമരവുമായി യുവാക്കള്‍
ശമ്പളവും വാടകയും നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ജിമ്മുകളുമുള്ളത്.ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജിം ഉടമകള്‍
ലുധിയാന: ജിമ്മുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധവുമായി യുവാക്കള്‍. പഞ്ചാബിലെ ലുധിയാനയിലെ തെരുവുകളില്‍ വ്യാഴാഴ്ച പുഷ് അപ്പ് ചെയ്തായിരുന്നു പ്രതിഷേധം. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയപ്പോഴും ജിമ്മുകള്‍ക്ക് ഇളവ് നല്‍കാത്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജിം ഉടമകള്‍ പ്രതികരിക്കുന്നു. ശമ്പളവും വാടകയും നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ജിമ്മുകളുമുള്ളത്. തുറക്കാന്‍ അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് ജിം ഉടമകളുടെ പ്രതികരണം. ആരാധനാലയങ്ങള്‍ പോലും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ജിമ്മുകള്‍ക്ക് ഇളവ് നല്കിയിട്ടില്ലെന്ന് ഉടമകള്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നു.
ട്വിറ്ററിലും ലുധിയാനയിലെ പ്രതിഷേധം വൈറലായിട്ടുണ്ട്. ജിമ്മുകളുടെ സേവനം തടസപ്പെടുന്നതില്‍ പ്രതിഷേധത്തെ പിന്തുണച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ വെര്‍ച്വല്‍ ക്ലാസുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിരവധിപ്പേരാണ് പ്രതിഷേധക്കാരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അടക്കമുള്ളവ തുറക്കാന്‍ തീരുമാനമായിട്ടും ജിമ്മുകള്‍ക്ക് ഇളവുകള്‍ പോലും നല്‍കുന്നില്ലെന്നാണ് പലരുടേയും പരാതി.