ദില്ലിയില്‍ ദില്ലിക്കാര്‍ക്ക് മാത്രം ചികിത്സ; കെജ്രിവാളിനെതിരെ വിമര്‍ശനം

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാന അതിര്‍ത്തികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും.
 

Delhi Reserves Hospitals For Residents: Kejriwal

ദില്ലി: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ ദില്ലിയിലെ ആശുപത്രികളില്‍ ദില്ലി സ്വദേശികള്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാക്കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ വിമര്‍ശനം. ദില്ലിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള തീരുമാനം ശരിയല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മുംബൈയിലെ ആശുപത്രികളില്‍ മുംബൈക്കാര്‍ക്കും കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ കൊല്‍ക്കത്തക്കാര്‍ക്കും മാത്രം ചികിത്സ നല്‍കിയാല്‍ മതിയോയെന്നും ഇന്ത്യയില്‍ വിസ സംവിധാനമില്ലെന്ന് കെജ്രിവാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ദില്ലിക്കാര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളെക്കൊണ്ട് ദില്ലിയിലെ ആശുപത്രികള്‍ നിറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാന അതിര്‍ത്തികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. 

10000 കട്ടിലുകളാണ് ദില്ലിക്കാര്‍ക്കായി ആശുപത്രികളില്‍ നീക്കിവെക്കുന്നത്. ഉപദേശക സമതിയുടെ നിര്‍ദേശ പ്രകാരം 15,000 കട്ടിലുകളാണ് ദില്ലിക്കാര്‍ക്കായി നീക്കിവെക്കേണ്ടത്. നിലവില്‍ 9000 കട്ടിലുകള്‍ മാത്രമാണ് ദില്ലിക്കാര്‍ക്കായി ഉള്ളത്. മറ്റു സംസ്ഥാനത്തുനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്നും ദില്ലിക്കാര്‍ക്ക് ചികിത്സ ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഇതുവരെ 27,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം ആയിരത്തിലേറെ കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി ബെഡ്ഡുകളുടെ കരിഞ്ചന്തയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രികളിലെ അവസ്ഥ അറിയാന്‍ ദില്ലി കൊറോണ ആപ്പ് പുറത്തിറക്കി. എന്നാല്‍, ആപ്പില്‍ ബെഡ്ഡുകള്‍ ഒഴിവില്ലെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ജൂണ്‍ 10 മുതല്‍ മദ്യത്തിന് അധികമായി ചുമത്തിയ 70 ശതമാനം നികുതി പിന്‍വലിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നികുതി വര്‍ധിപ്പിച്ചതോടെ വില്‍പന കുത്തനെ ഇടിഞ്ഞിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios