ദില്ലിയില്‍ ആശ്വാസം; രണ്ടുമാസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍
ജൂണ്‍ മധ്യത്തിന് ശേഷം സംസ്ഥാനത്ത് 18,000-19000 ശരാശരിയില്‍ ദിവസവും ടെസ്റ്റുകള്‍ നടത്താറുണ്ട്.
ദില്ലി: രണ്ടുമാസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകളുമായി ദില്ലി. ദില്ലിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 805 കൊവിഡ് കേസുകളാണ്. ഇതോടെ ദില്ലിയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,38,482 ആയി. സംസ്ഥാന സര്‍ക്കാറിന്‍റെ ആരോഗ്യ പത്രകുറിപ്പ് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 10,133 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്.
ജൂണ്‍ മധ്യത്തിന് ശേഷം സംസ്ഥാനത്ത് 18,000-19000 ശരാശരിയില്‍ ദിവസവും ടെസ്റ്റുകള്‍ നടത്താറുണ്ട്. രണ്ട് ദിവസം മുന്‍പും ബലി പെരുന്നാള്‍ അയതിനാല്‍ 12,730 ടെസ്റ്റ് മാത്രമാണ് നടത്തിയത് എന്നും ദില്ലി ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഇതുവരെ ദില്ലിയില്‍ 10,73,802 ടെസ്റ്റുകളാണ് നടത്തിയത്.
തിങ്കളാഴ്ച ദില്ലിയില്‍ കൊവിഡ് മരണങ്ങള്‍ 17 എണ്ണമാണ് സംഭവിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,027 ആയി. ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് 10,207 ആക്ടീവ് കൊവിഡ് കേസുകളാണ് ഉള്ളത്.
രാജ്യ തലസ്ഥാനത്തെ രോഗവിമുക്തി നിരക്ക് 89.72 ശതമാനമാണ്. പൊസറ്റിവിറ്റി റൈറ്റ് 7.94 ശതമാനമാണ്. കഴിഞ്ഞ ദിവസം മാത്രം ഹോം ഐസലേഷനിലുണ്ടായിരുന്ന 5,577 പേര്‍ക്ക് രോഗം സുഖപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.