കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം; ഒരു ലക്ഷത്തിൽ നിന്ന് 10000 ആയി വെട്ടിക്കുറച്ച് ദില്ലി പൊലീസ്
കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ദില്ലി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം.
ദില്ലി: ദില്ലിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം പതിനായിരം രൂപയായി കുറച്ചു. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ധനസഹായം. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ദില്ലി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം ആയി ഉയർത്തിയിട്ടുണ്ട്.
ഏഴ് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പടിഞ്ഞാറൻ ദില്ലിയിലെ വയർലെസ് പൊലീസ് കൺട്രോൾ റൂം പ്രവർത്തനം നിർത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൺട്രോൾ റൂം അടച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന 30 പൊലീസുകാർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദില്ലിയിൽ 250ലധികം പൊലീസുകാർക്ക് നിലവിൽ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ ആദ്യം ദില്ലി പൊലീസ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്ന സമയത്ത് പൊലീസിലെ രോഗബാധിതരുടെ എണ്ണം 30ൽ താഴെയായിരുന്നു.