മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയച്ചട്ട ലംഘന കുറ്റവും ചുമത്തി ദില്ലി പൊലീസ്
മുഹമ്മദ് സുബൈറിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന് പൊലീസ്, വിദേശ വിനിമയ ചട്ടത്തിലെ സെക്ഷൻ 35 കൂടി എഫ്ഐആറിൽ കൂട്ടിച്ചേർത്തു
ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് കൂടി ചുമത്തി ദില്ലി പൊലീസ്. മുഹമ്മദ് സുബൈറിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന് ആരോപിച്ചാണ് വിദേശ വിനിമയ ചട്ടത്തിലെ സെക്ഷൻ 35 കൂടി എഫ്ഐആറിൽ കൂട്ടിച്ചേർത്തത്. നേരത്തെ മുഹമ്മദ് സുബൈറിനെതിരെ മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പ്രകാരം സുബൈർ കുറ്റം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മുഹമ്മദ് സുബൈർ തെളിവ് നശിപ്പിച്ചു എന്നും ഗൂഢാലോചന നടത്തിയെന്നും ദില്ലി പൊലീസ് ആരോപിച്ചു. കേസിൽ അതുൽ ശ്രീവാസ്തവയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്.
1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി. എഫ്‌ഐആർ അനുസരിച്ച്, ഹനുമാൻ ഭക്ത് എന്ന അക്കൗണ്ടിൽ @balajikijaiin യൂസര്‍ നെയിമിലാണ് ഈ അക്കൌണ്ട് ഉണ്ടായിരുന്നത്.
2021ൽ തുടങ്ങിയ ഈ ട്വിറ്റർ ഹാൻഡിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും ഇതിനിടെ വ്യക്തമായിരുന്നു. സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ ആണ് പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു. 2020ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ആരോപിച്ചിരുന്നു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.