ആശുപത്രികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കില്ല, കെജ്രിവാളിനെതിരെ ദില്ലി മെഡിക്കൽ അസോസിയേഷൻ
മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഗംഗാറാം ആശുപത്രിക്കെതിരെ സർക്കാർ കേസ് എടുത്തത് അപലപനീയമെന്നും ദില്ലി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
ദില്ലി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ആശുപത്രികളെയും ഡോക്ടർമാരെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഗംഗാറാം ആശുപത്രിക്കെതിരെ സർക്കാർ കേസ് എടുത്തത് അപലപനീയമെന്നും ദില്ലി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
ചികിത്സാ പ്രതിസന്ധി തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കം കെജ്രിവാള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ആശുപത്രിക്കിടക്കകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിടക്കകളില്ലെന്ന് ചൂണ്ടിക്കാട്ടി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്
ഇതിന് പിന്നാലെ പരിശോധനാ ഫലം സര്‍ക്കാര്‍ ആപ്പില്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഗാറാം ആശുപത്രിക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരം ദില്ലി ആരോഗ്യവകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. ഇതിനെതിരെയാണ് ദില്ലി മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയത്.