ട്രേഡ് മാർക്ക് പോരാട്ടത്തിൽ ജെംസിന് വിജയം, നീരജ് ഫുഡ് പ്രോഡക്ട്സിന് പിഴയിട്ട് ദില്ലി ഹൈക്കോടതി
കാഡ്ബറി ജെംസിന്റെ സമാന പാക്കിംഗിൽ വിൽപന നടത്തരുതെന്ന് നീരജ് ഫുഡ് പ്രോഡക്ട്സിനോട് കോടതി, ട്രേഡ് മാർക്ക് നിയമം ലംഘിച്ചതിന് 15 ലക്ഷം പിഴയിട്ടു
ദില്ലി: ട്രേഡ് മാർക്ക് ലംഘനവുമായി ബന്ധപ്പെട്ട കേസിൽ വർഷങ്ങൾക്കൊടുവിൽ കാഡ്ബറി ഇന്ത്യയുടെ ജെംസിന് അനുകൂലമായി വിധി പുറപ്പെടുവിച്ച് ദില്ലി ഹൈക്കോടതി. ജെംസ് എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം കാഡ്ബറി ഇന്ത്യക്ക് ( ഇപ്പോൾ മോണ്ട്‍ലെസ് ഇന്ത്യ ഫുഡ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്) മാത്രമാണെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു.ജെംസ്, ജെയിംസ് എന്ന പേരോ ജെയിംസ് ബോണ്ട് എന്ന പേരോ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കമ്പനിയായ നീരജ് ഫുഡ് പ്രോഡക്ട്സിനോട് കോടതി നിർദേശിച്ചു. ട്രേഡ് മാർക്ക് നിയമം ലംഘിച്ചതിന് നീരജ് ഫുഡ് പ്രോഡക്ട്സിന് ദില്ലി ഹൈക്കോടതി പിഴയിട്ടു. 15 ലക്ഷം രൂപ പിഴയായി അടയ്ക്കാനാണ് നിർദേശം നൽകിയത്.
ട്രേഡ് മാർക്ക് നിയമം ലംഘിച്ചെന്ന് കാണിച്ച് 2005ൽ ആണ് ജെംസ് നിർമാതാക്കളായ മോണ്ട്‍ലെസ് ഇന്ത്യ ഫുഡ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നീരജ് ഫുഡ് പ്രോഡക്ട്സിനെതിരെ കോടതിയെ സമീപിച്ചത്. ജെംസിന് ബദലാക്കി വിപണിയിൽ ഇറക്കിയ ചോക്കലേറ്റ് തങ്ങളുടേതിന് സമാനമായ ട്രേഡ് മാർക്ക് ഉപയോഗിച്ച് വിൽപ്പന നടത്തുന്നു എന്നായിരുന്നു പരാതി. ജെംസിന്റെ കവറിൽ ഉപയോഗിക്കുന്ന അതേ അക്ഷരങ്ങളും നിറങ്ങളും ലേ ഔട്ടും നീരജ് ഫുഡ് പ്രോഡക്ട്സ് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി.
2005ൽ തുടങ്ങി 17 വർഷത്തോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ദില്ലി ഹൈക്കോടതി മോണ്ട്‍ലെസ് ഇന്ത്യ ഫുഡ്‍സിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ വിധി പ്രസ്താവിക്കവേ ജെംസ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും അറിയപ്പെടുന്നതുമായ ചോക്കലേറ്റാണെന്ന് ജസ്റ്റിസ് പ്രതിഭാ എം.സിംഗ് വിലയിരുത്തി. രാജ്യത്ത് നല്ലൊരു വിഭാഗത്തിന്റെയും ബാല്യകാലം ജെംസുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികൾക്ക് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് നീരജ് ഫുഡ്‍സ് എന്നും കോടതി വിലയിരുത്തി.