മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വമ്പൻ നീക്കവുമായി കെജ്രിവാൾ
തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യ യാത്രയെന്ന പ്രഖ്യാപനത്തിലേക്ക് ദില്ലിയിൽ ആംആദ്മി സർക്കാർ നീങ്ങുന്നത്
ദില്ലി: സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സർക്കാർ. അടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കെജ്രിവാളിന്റെ ഈ തീരുമാനം ദില്ലിയിൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ വേണ്ടിക്കൂടി ഉള്ളതാണ്.
ദില്ലിയിലെ വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന നിരക്ക് താഴ്ത്താൻ വൈദ്യുതി ബോർഡ് അധികൃതരുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് ദില്ലി മെട്രോയിലും സർക്കാർ ബസുകളിലും നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന തീരുമാനം നാളെയുണ്ടാകും.
ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളിലും ദില്ലി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിക്കാൻ തടസ്സമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ദില്ലി മെട്രോയിൽ ഈ തീരുമാനം നടപ്പിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിലയിരുത്തൽ. ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ വിഹിതമാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷനിലുള്ളത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ദില്ലിയിൽ രണ്ട് കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് അടിസ്ഥാന ബിൽ 20 രൂപയായിരുന്നത് 125 രൂപയാക്കി ദില്ലി വൈദ്യുത നിയന്ത്രണ ബോർഡ് ഉയർത്തിയിരുന്നു. ഈ തീരുമാനം ബോർഡിന്റേത് മാത്രമായിരുന്നുവെന്നും ഇവരോട് അടിസ്ഥാന നിരക്ക് താഴ്ത്താൻ ആവശ്യപ്പെടുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം.
ദില്ലിയിൽ മത്സരിച്ച എല്ലാ സീറ്റിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളിൽ ആകെ ഒരിടത്താണ് അവർക്ക് വിജയിക്കാനായത്. അടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിൽ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്.