സ്വകാര്യ ലാബുകൾ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം നൽകണം; ഉത്തരവിറക്കി ദില്ലി സർക്കാര്‍
ജൂൺ 20 മുതൽ ദിവസേന 18000 പരിശോധനകൾ നടത്തുമെന്ന് അമിത് ഷാ യോഗത്തിൽ നിര്‍ദ്ദേശിച്ചു. എല്ലാവരെയും പരിശോധിക്കുന്നതിന് സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 450 രൂപയ്ക്ക് പുതിയ പരിശോധന സംവിധാനം ദില്ലിയിൽ നടപ്പാക്കുമെന്ന് അമിത് ഷാ.
ദില്ലി: സ്വകാര്യ ലാബുകള്‍ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം നൽകണമെന്ന് ദില്ലി സർക്കാരിന്റെ ഉത്തരവ്. സ്വകാര്യ ലാബുകളുടെ സൗകര്യം പൂർണ്ണമായി ഉപയോഗിക്കണമെന്നും പരിശോധനകൾ കൂട്ടണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. അതേസമയം, ദില്ലിയിൽ കൂടുതൽ കൊവിഡ് പരിശോധനകള്‍ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമായി.
ജൂൺ 20 മുതൽ ദിവസേന 18000 പരിശോധനകൾ നടത്തുമെന്ന് അമിത് ഷാ യോഗത്തിൽ നിര്‍ദ്ദേശിച്ചു. എല്ലാവരെയും പരിശോധിക്കുന്നതിന് സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 450 രൂപയ്ക്ക് പുതിയ പരിശോധന സംവിധാനം ദില്ലിയിൽ നടപ്പാക്കുമെന്ന് അമിത് ഷാ അറിയിച്ചതായി ആംആദ്നമി പാർട്ടി നേതാവ് സഞ്‍ജയ് സിങ്ങ് യോഗത്തിന് ശേഷം അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നില്ല.
അതേസമയം, ദില്ലിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. മോർച്ചറികളിൽ ശീതികരണ കണ്ടെനറുകൾ സ്ഥാപിക്കാനും ശുപാർശയുണ്ട്. മരണനിരക്ക് കൂടുന്ന സാഹചര്യത്തിലാണ് സമിതിയുടെ ശുപാർശകൾ സര്‍ക്കാറിന് സമര്‍പ്പിച്ചത്.