ഇന്ന് റദ്ദാക്കിയത് 15 വിമാനങ്ങൾ, 180ൽ അധികം വിമാനങ്ങളും 60ലേറെ ട്രെയിനുകളും വൈകുന്നു; വില്ലൻ ദില്ലിയിലെ മഞ്ഞ്
കഴിഞ്ഞ ദിവസം ദില്ലിയിലെ കാഴ്ച പരിധി നീണ്ട 9 മണിക്കൂർ സമയം പൂജ്യമായാണ് രേഖപ്പെടുത്തിയത്.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും കാഴ്ച പരിധി കുറഞ്ഞത് റെയിൽ, വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ന് മാത്രം 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ദില്ലിയിൽ നിന്ന് പോകുന്നതും വരുന്നതുമായ 60ലധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ഇന്ന് 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ ശരാശരി 25 മിനിറ്റ് വൈകുകയും ചെയ്തതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഏകദേശം 50 ഓളം വിമാനങ്ങളെങ്കിലും റദ്ദാക്കിയിരുന്നു. 500ലേറെ വിമാനങ്ങൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ 8 മണിയോടെ ദൃശ്യപരത 50 മീറ്ററായി മെച്ചപ്പെട്ടിട്ടുണ്ട്. പുലർച്ചെ 4 മുതൽ രാവിലെ 8 വരെ സീറോ വിസിബിലിറ്റിയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ശനിയാഴ്ച ദില്ലിയിൽ ഒമ്പത് മണിക്കൂറിലേറെയാണ് കാഴ്ച പരിധി പൂജ്യമായി നിലിനിന്നത്. ഇതേ തുടർന്ന് ബീഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ്, ശ്രം ശക്തി എക്‌സ്പ്രസ് എന്നിവയുൾപ്പെടെ പത്തോളം ട്രെയിനുകൾ 6 മണിക്കൂറിലേറെ വൈകിയാണ് ഓടിയത്.
ഇന്ന് ദില്ലിയിലെ കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) കണക്കുകൾ പ്രകാരം ഇന്ന് രാവിലെ 6 മണിയ്ക്ക് എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 377 ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ ദില്ലിയിലെ മലിനീകരണ തോത് മോശം വിഭാഗത്തിൽ തന്നെ തുടരുകയാണ്.
READ MORE: ഒന്നും രണ്ടുമല്ല, ദില്ലിയിൽ കാഴ്ച പരിധി പൂജ്യമായി തുടർന്നത് നീണ്ട 9 മണിക്കൂറുകൾ; 81 ട്രെയിനുകൾ വൈകി