ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും

ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള്‍ യോഗത്തില്‍ വിശദീകരിച്ചു.

delhi covid situation heavy criticism from opposition and high court

ദില്ലി: കൊവിഡ് രോഗ വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതിയും പ്രതിപക്ഷ പാര്‍ട്ടികളും. വിവാഹമടക്കമുള്ള ചടങ്ങുകളില്‍ ആളെണ്ണം കുറയ്ക്കാനെടുത്ത കാലതാമസമാണ് ദില്ലി ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. കൊടതി ഇടപെടുമ്പോൾ മാത്രമാണ് ദില്ലി സര്‍ക്കാര്‍ ഉറക്കമുണരുന്നതെന്നായിരുന്നു വാക്കാല്‍ പരാമര്‍ശം. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ എന്തിനാണ് 18 ദിവസമെടുത്തതെന്ന് കോടതി ചോദിച്ചു. 

പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള്‍ യോഗത്തില്‍ വിശദീകരിച്ചു. 7486 ആണ് ദില്ലിയിലെ പ്രതിദിന രോഗ ബാധ. ഇന്നലെ മാത്രം 131 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്.

കഴിഞ്ഞ 12ന് 104 പേര്‍ മരിച്ചതായിരുന്നു ഇതുവരെ ദില്ലിയിലെ ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. ഇന്നലെ അതും കടന്ന് 131 പേരുടെ ജീവനെടുത്തു മഹാമാരി. ദില്ലിയില്‍ ആകെയുള്ള അഞ്ചു ലക്ഷം രോഗികളില്‍ ഒരു ലക്ഷവും കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരായവരാണ്. പ്രതിരോധ നടപടികളില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ബിജെപി വിമര്‍ശനമുയർത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചത്.

ആള്‍ത്തിരക്കുള്ള പ്രധാന മാര്‍ക്കറ്റുകളടയ്ക്കാന്‍ ആലോചിച്ചെങ്കിലും തീരുമാനം നടപ്പായില്ല. ഉത്തര്‍പ്രദേശ്, ഹരിയാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് രോഗികള്‍ ദില്ലിയില്‍ ചികിത്സ തേടിയെത്തുന്നതും ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 92 ശതമാനം  വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളും 87 ശതമാനം ഐസിയു കിടക്കകളും നിറഞ്ഞിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios