ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ ഭാര്യക്ക് സമൻസ്, നവംബർ 18ന് ഹാജരാകാൻ നിർദേശം, രണ്ടിടത്ത് വോട്ടെന്ന് പരാതി
ദില്ലി തീസ് ഹസാരി കോടതിയാണ് സുനിതയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യക്ക് സമൻസയച്ച് ദില്ലി തീസ് ഹസാരി കോടതി. രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളതിനാലാണ് കോടതി നടപടി. നവംബർ 18-ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ദില്ലി ചാന്ദ്നി ചൗക്ക് മണ്ഡലത്തിലേയും, യുപിയിലെ സഹിബാബാദ് മണ്ഡലത്തിലെയും വോട്ടർ പട്ടികയിൽ സുനിത കെ ജരിവാളിന്റെ പേരുണ്ട്. ഇത് സംബന്ധിച്ച് ബിജെപി ദില്ലി സെക്രട്ടറി ഹരീഷ് ഖുറാനയാണ് പരാതി നൽകിയത്.
ആർപിഎയുടെ (1950) സെക്ഷൻ 17 പ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഇതിന്റെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സുനിത കെജ്‌രിവാൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി തെളിവുള്ളതിനാൽ കേസ് എടുത്തിട്ടുണ്ടെന്ന് കോടതി അറിയിക്കുന്നതായി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ തീസ് ഹസാരി കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അർജീന്ദർ കൗർ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച വോട്ടർമാരുടെ രണ്ട് പട്ടികകളിൽ സുനിത കെജ്‌രിവാളിന്റെ പേര് ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലും ഉത്തർപ്രദേശിലെ സാഹിബാബാദ് അസംബ്ലി മണ്ഡലത്തിലും ഉണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സർക്കാറിന്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ആവർത്തിച്ച് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. തുല്യ വിദ്യാഭ്യാസം, തുല്യ ആരോഗ്യ സംരക്ഷണം എന്നിവയാണ് നടപ്പിലാക്കേണ്ടതെന്ന തന്റെ നിർദേശം കെജ്രിവാൾ ആവർത്തിച്ചു. ബിജെപിയെ കുറ്റപ്പെടുത്തിയ കെജ്രിവാൾ ഓരോ മൂന്നാം മാസവും തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം നടപ്പിലാക്കിയാൽ അഞ്ച് വർഷത്തേക്ക് ബിജെപിയെ പിന്നെ കാണാൻ കിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'മൂന്ന് മാസത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കിൽ, 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കിയാൽ ബിജെപിയെ അഞ്ച് വർഷത്തേക്ക് കാണാൻ കിട്ടില്ലെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രി ജയ്പൂരിൽ പറഞ്ഞത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശത്തിന് പിന്നിലെ യുക്തി ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതിൽ നിന്ന് ഒരു സാധാരണക്കാരന് എന്താണ് ലഭിക്കുക. നൂറോ ആയിരമോ തെരഞ്ഞെടുപ്പുകൾ നടത്തിയാലും നമുക്ക് എന്ത് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം