അതിശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യ, പലയിടത്തും മൂടല്‍മഞ്ഞ് അതിരൂക്ഷം, തണുത്തുറഞ്ഞ് ദാല്‍ തടാകം

ഉത്തരേന്ത്യയിൽ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തിൽ എത്തിയിരിക്കുകയാണ്. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു.

delhi cold increase zero visibility cold wave warning from 4

ദില്ലി: ഉത്തരേന്ത്യയിൽ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തിൽ എത്തിയിരിക്കുകയാണ്. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകൾ അടച്ചു.

രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചാ പരിധി 0 മീറ്ററായി ചുരുങ്ങി.

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതൽ -6 വരെയാണ് ഇവിടങ്ങളിലെ താപനില. ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് സഞ്ചാരികളെയാണ് പലയിടങ്ങളിൽ നിന്നായി ഒരാഴ്ചയ്ക്കിടെ പൊലീസും സുരക്ഷസേനയും രക്ഷപ്പെടുത്തിയത്.

ജമ്മു കശ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് മുഗൾ റോഡ് കഴിഞ്ഞ 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. നിരവധി ഹൈവേകളും മഞ്ഞു മൂടി. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. ജനുവരി 4 മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios