ചുമതലകൾ കൈമാറി അരവിന്ദ് കെജ്രിവാൾ; സുനിത കെജ്രിവാളിനോട് സജീവരാഷ്ട്രീയത്തിലിറങ്ങേണ്ടെന്നും നിർദേശം

അതേ സമയം, സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. 

delhi chief minister arvind kejriwal hand over responsibilities

ദില്ലി: അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങിയതോടെ രണ്ടാംനിര നേതൃത്വത്തിന് ചുമതലകൾ കൈമാറി ആംആദ്മി പാർട്ടി. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപനവും നൽകി.,സുനിത കെജ്രിവാൾ താൽക്കാലം സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് തീരുമാനം. എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് ജനറൽ സെക്രട്ടറി സന്ദീപ് പഥക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജയിലിലേക്ക് അരവിന്ദ് കെജ്രിവാളിന് വീണ്ടും മടങ്ങേണ്ടി വന്നതോടെ വലിയ പ്രതിസന്ധിയിലാണ് ആംആദ്മി പാർട്ടി. ഇത് മറികടക്കാനാണ്. പാർട്ടിയുടെ രണ്ടാം നിരയിലേക്ക് ചുമതലകൾ കൈമാറിയത്. ജയിലിലേക്ക് കെജ്രിവാൾ മടങ്ങുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്നലെ  നേതാക്കളുടെ യോഗം വിളിച്ചിരുന്നു. അരവിന്ദ് കെജ്രിവാൾ, സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക്, മന്ത്രിമാരായ സൌരഭ് ഭരത്വാജ്, അതിഷി മർലീന, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് താൽകാലികമായി ചുമതലകൾ വീതിച്ചത്.

സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പം പ്രവർത്തിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജ്രിവാൾ നിർദേശം നൽകി. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമാണെന്നും മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്നും സന്ദീപ് പഥക്ക് വ്യക്തമാക്കി.

പാർട്ടിയിലെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിന് നിലവിൽ ചുമതലകൾ നല്കിയിട്ടില്ല. എംപിയായ സഞ്ജയ് സിങ്ങിനെ  ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും. കുടുംബാധിപത്യം എന്ന ബിജെപി ആരോപണം ഒഴിവാക്കാനാണ് നിലവിൽ സുനിതയെ ചുമതലകളിലേക്ക് കൊണ്ടുവരാൻ കെജ്രിവാൾ മടിക്കുന്നതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലത്തിൻറെ അടിസ്ഥാനത്തിലാകും പാർട്ടിയിലെ കൂടുതൽ നീക്കങ്ങൾ.

Latest Videos
Follow Us:
Download App:
  • android
  • ios