'ലോക്ക്ഡൗണ് ഇളവുകൾക്കെതിരായ ഹർജി പ്രശസ്തിക്ക് വേണ്ടി'; 20000 രൂപ പിഴയീടാക്കി കോടതി
മെയ് 30ലെ തീരുമാനം എങ്ങനെയാണ് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാകുന്നതെന്ന് ചോദിച്ച കോടതി, പരാതി അനാവശ്യമാണെന്നും നിരീക്ഷിച്ചു.
ദില്ലി ലോക്ക്ഡൗണ്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ നിയമ വിദ്യാര്‍ത്ഥിക്ക് പിഴ ശിക്ഷ നല്‍കി. മെയ് 30ന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നീട്ടുകയും കണ്ടെയ്ന്‍മെന്റ് അല്ലാത്ത സോണുകളില്‍ ഇളവ് നല്‍കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥിയുടെ ഹര്‍ജി പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്നതും പ്രശസ്തി ലക്ഷ്യമിട്ടതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി തള്ളിയ കോടതി വിദ്യാര്‍ത്ഥിയോട് 20000 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടു.
മെയ് 30ലെ തീരുമാനം എങ്ങനെയാണ് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാകുന്നതെന്ന് ചോദിച്ച കോടതി, പരാതി അനാവശ്യമാണെന്നും നിരീക്ഷിച്ചു. ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. സാഹചര്യത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ അഗര്‍വാളാണ് ഹര്‍ജി നല്‍കിയത്. ഇളവുകള്‍ നല്‍കിയത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇളവുകള്‍ നല്‍കിയതിന് നീതീകരണമില്ലെന്നും വിദ്യാര്‍ത്ഥി ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍, ഹര്‍ജിക്കാരന് കോടതിക്ക് എന്തൊക്കെ കാര്യത്തില്‍ ഇടപെടാമെന്നതില്‍ വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു.