നിലപാട് വ്യക്തമാക്കി വോട്ടർമാർ, നോട്ടക്കുള്ള വോട്ടുകളിൽ വൻകുറവ്
സ്ഥാനാർത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്
തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുകയും എന്നാൽ സ്ഥാനാർത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്ത് ബിജെപി അക്കൌണ്ട് തുറക്കുമെന്ന് സൂചന ശക്തമായ തൃശൂരിൽ മുൻ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ലഭിച്ചതിനേക്കാൾ വലിയ കുറവുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്ന വയനാട്ടിലും ഡീൻ കുര്യാക്കോസ് വ്യക്തമായ ഭൂരിപക്ഷം നേടി ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. നിക്ഷ്പക്ഷരായി മാറി നിൽക്കുന്നതിനേക്കാൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജനങ്ങൾ തയ്യാറാവുന്നുവെന്നതാണ് വിയോജിപ്പിനുള്ള വോട്ട് കുറയുന്നതിൽ നിന്ന് വ്യക്തമാകുന്നത്. പോളിംഗ് ശതമാനത്തിലുണ്ടായ കുറവും ഈ സമയത്ത് ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം