ഡിസംബര്‍ 22 : ശ്രീനിവാസ രാമാനുജന്റെ ജന്മദിനം എങ്ങനെ ദേശീയ ഗണിത ദിനമായി ? ചരിത്രമിങ്ങനെ..
20-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു രാമാനുജന്റെ പുതിയ കണ്ടെത്തലുകള്‍.
പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനുള്ള ആദര സൂചകമായാണ് എല്ലാ വർഷവും ഡിസംബർ 22 ന് ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്. ഗണിത ശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെയും നേട്ടങ്ങളെയും ഓര്‍മിക്കുന്ന ദിവസം കൂടിയാണ് ഡിസംബര്‍ 22. 2011 ഡിസംബറിൽ കേന്ദ്ര സര്‍ക്കാരാണ് രാമാനുജന്റെ ജന്മദിനം ദേശീയ ഗണിത ദിനമായി പ്രഖ്യാപിച്ചത്. പിന്നീട് 2012-ൽ ആദ്യത്തെ ദേശീയ ഗണിത വർഷം രാജ്യത്തുടനീളം ആഘോഷിക്കുകയും ചെയ്തു.
1887 ല്‍ തമിഴ്‌നാട്ടിലെ ഈറോഡിലാണ് അദ്ദേഹം ജനിച്ചത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തില്‍ ജനിച്ചിട്ടും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ ഗണിതശാസ്ത്രജ്ഞരിൽ ഒരാളായി. ഗണിത ശാസ്ത്രത്തില്‍ വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഗണിതശാസ്ത്ര വിശകലനം,സംഖ്യാ ശ്രേണികള്‍, ഭിന്നസംഖ്യകൾ, നമ്പര്‍ തിയറി എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. രാമാനുജന്‍ സ്വതന്ത്രമായി കണ്ടെത്തിയ 3,900 റിസള്‍ട്ടുകളും സിദ്ധാന്തങ്ങളും ആധുനിക ഗണിത ശാസ്ത്രം രൂപപ്പെട്ടതില്‍ വലിയ പങ്ക് വഹിച്ചു. ഇന്നും ഗണിതശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമാണ് ശ്രീനിവാസ രാമാനുജന്‍.
അക്കാലത്ത് പരിഹരിക്കാൻ കഴിയില്ലെന്ന് ഗണിതശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറഞ്ഞ പല പ്രശ്നനങ്ങളും പരിഹരിച്ച രാമാനുജന്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടി. 20-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു രാമാനുജന്റെ പുതിയ കണ്ടെത്തലുകള്‍. രാമാനുജന്റെ കൃതികൾ - പ്രത്യേകിച്ച് സംഖ്യാ സിദ്ധാന്തത്തെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നു വരികയാണ്.
ദേശീയ ഗണിത ദിനാചരണം രാമാനുജനെ ആദരിക്കുന്നതിന് വേണ്ടി മാത്രമല്ല, ലോകത്ത് ഗണിതശാസ്ത്ര രംഗത്തെ ഇന്ത്യയുടെ ബൃഹത് സംഭാവനകളെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുക കൂടി ചെയ്യുന്നു. ചരിത്രത്തില്‍ പൂജ്യം, ദശാംശം, ബീജഗണിതം, ത്രികോണമിതി തുടങ്ങിയവയില്‍ രാജ്യത്തിന്റെ സംഭാവനകള്‍ കൂടിയാണ് ഇന്നേ ദിവസം ആഷോഷിക്കപ്പെടുന്നത്.