'രാജി വെച്ചില്ലെങ്കിൽ കൊന്നുകളയും, ബാബ സിദ്ദിഖിയെ പോലെ'; യോഗി ആദിത്യനാഥിന് വധഭീഷണി
ശനിയാഴ്ച വൈകുന്നേരമാണ് അജ്ഞാത നമ്പറിൽ നിന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. രാജി വെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
അജ്ഞാത നമ്പറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേയ്ക്ക് സന്ദേശം ലഭിച്ചത്. ആരാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണിയെ തുടർന്ന് യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബർ 12നാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാ ലോകത്തും കഴിഞ്ഞ നാലര പതിറ്റാണ്ടോളം കാലം സജീവ സാന്നിധ്യമായിരുന്ന നേതാവായിരുന്നു ബാബ സിദ്ദിഖി. ഈ വർഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.
READ MORE: ഭീഷണി അതിരുകടന്നാൽ ഇറാന് ആണവ നയം പുനഃപരിശോധിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഖമേനിയുടെ ഉപദേഷ്ടാവ്