ഒന്നാം ക്ലാസ്സുകാരിയുടെ ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; മധ്യവർഗത്തിന് എങ്ങനെ താങ്ങാനാകുമെന്ന ചോദ്യവുമായി അച്ഛൻ

നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരമാണെന്ന കുറിപ്പോടെയാണ് അച്ഛൻ വിശദമായ ഫീസ് ഘടന പങ്കുവെച്ചത്. 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാൻ കഴിയുമോയെന്ന് ചോദ്യം. 

daughter s school fees for class one is Rs 4.27 Lakh middle class cannot afford father shares detailed fee structure

ജയ്പൂർ: മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒന്നാം ക്ലാസ്സിലേക്ക് മകൾക്ക് പ്രവേശനം തേടിയ ഒരു അച്ഛൻ പങ്കുവച്ച ഫീസ് ഘടന കണ്ടാൽ ആരും ഞെട്ടിപ്പോവും. ഒരു വർഷത്തേക്കുള്ള ആകെ ഫീസ് 4.27 ലക്ഷം രൂപ! വർഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. 

'നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരമാണ്. മധ്യവർഗത്തിന് താങ്ങാൻ കഴിയാത്തതാണ്'- എന്ന കുറിപ്പോടെ ജയ്പൂരിലെ ഒരു സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ ഒരു വർഷത്തെ ഫീസ് ഘടന റിഷഭ് ജെയിൻ എന്നയാളാണ് പങ്കുവെച്ചത്. മകളെ അടുത്ത വർഷം ഒന്നാം ക്ലാസ്സിൽ ചേർക്കണം. നഗരത്തിലെ സ്കൂളുകളിലൊന്നിലെ ഫീസ് നിരക്കാണിത്. മറ്റ് സ്കൂളുകളിലും സമാന സ്ഥിതിയാണെന്ന് ജെയിൻ കുറിച്ചു. 

രജിസ്ട്രേഷൻ ചാർജ്-2,000, പ്രവേശന ഫീസ്-40,000; കോഷൻ ഡെപ്പോസിറ്റ് (റീഫണ്ട്)- 5000, വാർഷിക സ്കൂൾ ഫീസ്- 2,52,000, ബസ് ചാർജ്- 1,08,000, പുസ്തകങ്ങളും യൂണിഫോമും- 20,000, ആകെ ഫീസ് പ്രതിവർഷം 4,27,000 രൂപ. വരുമാനത്തിന്‍റെ 50 ശതമാനം ആദായ നികുതി, ജിഎസ്ടി, പെട്രോളിന്മേലുള്ള വാറ്റ്, റോഡ് ടാക്സ്, ടോൾ ടാക്സ്, പ്രൊഫഷണൽ ടാക്സ്, ക്യാപിറ്റൽ ഗെയിൻ, ലാൻഡ് രജിസ്ട്രി ചാർജുകൾ എന്നിവയുടെ രൂപത്തിൽ സർക്കാർ തട്ടിയെടുക്കുന്നുവെന്ന് ജെയിൻ കുറിച്ചു. ആരോഗ്യ ഇൻഷുറൻസ്, പിഎഫ്, എൻപിഎസ് എന്നിവയിലേക്കും പോകും. സർക്കാർ പദ്ധതികൾക്ക് നിങ്ങൾ യോഗ്യരല്ല. സമ്പന്നരെപ്പോലെ സൗജന്യങ്ങളോ ലോൺ എഴുതിത്തള്ളലോ ഉണ്ടാവില്ല. ബാക്കിയുള്ള 10 ലക്ഷം ഭക്ഷണം, വസ്ത്രം, വാടക, ഇഎംഐ എന്നിവയ്ക്കായി ചെലവഴിക്കുകയും കുറച്ച് സമ്പാദിക്കുകയും ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ രണ്ട് കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാം. ഏത് വേണമെന്ന് തീരുമാനിക്കൂ എന്നും ജെയിൻ കുറിച്ചു.

സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച ഈ കുറിപ്പ് ഇതിനകം ഒന്നര മില്യണ്‍ പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ കമന്‍റുമായെത്തി. ചിലർ സ്കൂൾ ഫീസിനെക്കുറിച്ചുള്ള അച്ഛന്‍റെ ആശങ്കകൾക്കൊപ്പം നിന്നപ്പോൾ മറ്റു ചിലർ വിമർശനവുമായി രംഗത്തെത്തി. സർക്കാർ ഭൂമിയും മറ്റ് സൗകര്യങ്ങളും സബ്‌സിഡി നിരക്കിൽ നൽകുന്നതിനാൽ ഇന്ത്യയിലെ സ്‌കൂളുകൾ ലാഭരഹിതമായി മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നതാണ് ഇതിലെ വിരോധാഭാസമെന്ന് ഒരാൾ കുറിച്ചു. എന്നിട്ടും രക്ഷിതാക്കൾ അത്തരം സ്കൂളുകളിൽ മക്കളുടെ പ്രവേശനം തേടുന്നത് സ്റ്റാറ്റസ് സിംബലായതു കൊണ്ടാണ്.  അതിനാൽ അവരിൽ ഭൂരിഭാഗവും അന്യായമായ ഫീസ് ഘടന അംഗീകരിക്കുന്നു. 12 വർഷത്തെ വിദ്യാഭ്യാസത്തിന് ഒരു കോടിയിലേറെ ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് മറ്റൊരാൾ കുറിച്ചു. ഇടത്തരക്കാർക്ക് ഇത്രയും ഉയർന്ന ഫീസ് താങ്ങാനാവില്ല. ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. 

ലക്ഷ്വറി സ്കൂൾ തെരഞ്ഞെടുക്കുന്നതാണ് പ്രശ്നമെന്നും അല്ലെങ്കിൽ പ്രതിമാസം 10,000 രൂപയേ ഫീസിനത്തിൽ വരൂ എന്നുമാണ് മറ്റൊരു കമന്‍റ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്. അത് അടിസ്ഥാന അവകാശമാണെന്ന് മറ്റൊരാൾ കുറിച്ചു. ഉയർന്ന ഫീസ് എന്നാൽ എപ്പോഴും നല്ല വിദ്യാഭ്യാസം എന്നല്ല അർത്ഥമെന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. 

വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണികൾ, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയിൽവെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios