'സഹിഷ്ണുതയും സ്നേഹവുമാണ് ഈ ചുവടിന് പിന്നില്‍'; ജ്യോതികുമാരിയെ അഭിനന്ദിച്ച് ഇവാന്‍ക ട്രംപ്

മുറിവേറ്റ പിതാവുമായി 1200 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ പോയ പതിനഞ്ചുകാരിക്ക് അഭിനന്ദനവുമായി അമേരിക്കന്‍  പ്രസിഡന്‍റിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്

daughter of US President Donald Trump laud the spirit of Jyoti Kumari who cover a distance of over 1,200 kilometres on a bicycle with wounded father

വാഷിംഗ്ടണ്‍: ലോക്ക്ഡൌണ്‍ കാലത്ത് മുറിവേറ്റ പിതാവിനെ സൈക്കിളിലിരുത്തി 1200 കിലോമീറ്ററിലധികം ദൂരം വീട്ടിലേക്ക് പോയ പതിനഞ്ചുകാരിയ്ക്ക് ആദരവുമായി ഇവാന്‍ക ട്രംപ്. സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടേയും ചുവടായിരുന്നു ഇത്.  ഇന്ത്യയുടെ സൈക്കിളിംഗ് ഫെഡറേഷന്‍ ജ്യോതികുമാരിക്ക് ട്രയല്‍ നല്‍കുന്നതിനും അമേരിക്കന്‍  പ്രസിഡന്‍റിന്‍റെ മകള്‍ അഭിനന്ദനം നല്‍കുന്നു. 

ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും കൊണ്ടാണ് 15കാരിയായ ജ്യോതി കുമാരി ബിഹാറിലെത്തിയത്. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ കുറച്ച് മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റിരുന്നു. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമായാണ് താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി. 

പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ നാട്ടിലേക്ക് ഇറങ്ങിത്തിരിച്ചത്.  ദിവസം ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും സഹായിച്ചു. ഏഴ് ദിവസം കൊണ്ടായിരുന്നു ഇവര്‍ ബിഹാറിലെത്തിയത്. നാട്ടിലെത്തിയ ശേഷം ഇരുവരും ക്വാറന്‍റീന്‍  കേന്ദ്രത്തില്‍ പ്രവേശിച്ചു. 

കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിളും വാങ്ങി ഈ മാസ് 10നാണ് ജ്യോതിയും അച്ഛനും കൂടി ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലേക്ക് യാത്ര തിരിച്ചത്. മെയ് 16നാണ് ഇവര്‍ നാട്ടിലെത്തിയത്. ജ്യോതികുമാരിയെക്കുറിച്ച് അറിഞ്ഞ സൈക്ലിംഗ് ഫെഡറേഷന്‍ അടുത്ത മാസം നടന്ന ട്രയല്‍സിലേക്ക് ക്ഷണിച്ചിരുന്നു. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ആണ് ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചകാര്യം പുറത്തുവിട്ടത്. ജ്യോതി ട്രയല്‍സില്‍ ജയിക്കുകയാണെങ്കില്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുമെന്നും ഓങ്കാര്‍ സിംഗ് പിടിഐയോട് പ്രതികരിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios