Dam Bill : രാജ്യത്തെ പ്രധാന ഡാമുകൾ ഇനി കേന്ദ്ര മേൽനോട്ടത്തിൽ, ഡാം സുരക്ഷാ ബിൽ പാസ്സായി

മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്‍റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. 

Dam Safety Bill Passed By Loksabha And Rajyasabha

ദില്ലി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം (Dams In India) കേന്ദ്ര സര്‍ക്കാരിന്‍റെ മേൽനോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് (Dam Safety Bill) രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്  തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകൾ രാജ്യസഭ തള്ളി. സാധാരണ സര്‍ക്കാരിനൊപ്പം നിൽക്കാറുള്ള ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ടികളും ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും വോട്ടിനിട്ട് തള്ളി. മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്‍റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. 

നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വ്വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും.    

പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തൽക്കാലം സുപ്രീംകോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന്‍റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios