'ബിജെപി ദേശീയ സെക്രട്ടറിയുടെ അനുയായി കോൺഗ്രസിൽ'; ഇനിയും നേതാക്കൾ വരുമെന്ന് ഡി കെ ശിവകുമാർ
ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അനുയായി എച്ച് ഡി തിമ്മയ്യ ഇന്ന് കോൺഗ്രസിൽ ചേർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പരസ്യമാക്കിയാണ് കൂടുമാറ്റം.
ബെംഗളൂരു: ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി എച്ച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ടത്. ഇനിയും നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.
ബിജെപി ചിക്കമഗളൂരു സിറ്റി യൂണിറ്റ് അംഗവും ലിംഗായത്ത് നേതാവുമായ എച്ച് ഡി തിമ്മയ്യ 18 വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടും ഒരു അംഗീകാരവും കിട്ടാത്തതിലെ അതൃപ്തി മൂലമാണ് പാർട്ടി വിട്ടത്. ചിക്കമഗളൂരുവിൽ നിന്ന് മാത്രം മാത്രം 13 ബിജെപി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും, കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിയിലെത്തുമെന്നും ഡി കെ ശിവകുമാർ വെളിപ്പെടുത്തി. രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ബിജെപി വലിയ നേതാക്കളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍, കോൺഗ്രസ് ബൂത്ത് തലം വരെയുള്ള നേതാക്കളെ മത്സരിക്കാനായി പരിഗണിക്കുമെന്നും ശിവകുമാർ പറയുന്നു.
കർണാടകത്തിൽ ഇത് വരെ ജെ ഡി എസ് മാത്രമാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തുടരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ.