ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇൻഡിഗോ വിമാനത്തിന്‍റേത് തന്നെ; ലാൻഡ് ചെയ്യാതെ പറന്നുയർന്നത് മുബൈ-ചെന്നൈ വിമാനം
ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നത് ഇന്‍ഡിഗോയുടെ മുബൈ-ചെന്നൈ വിമാനമെന്ന് സ്ഥിരീകരണം. പ്രോട്ടോക്കോള്‍ പാലിച്ച് പൈലറ്റ് എടുത്ത തീരുമാനം ആണിതെന്ന് ഇന്‍ഡിഗോ.
ചെന്നൈ:ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നത് ഇന്‍ഡിഗോ വിമാനം തന്നെയെന്ന് സ്ഥിരീകരണം. ലാന്‍ഡിങിനായി വിമാനം റണ്‍വേയുടെ അടുത്തെത്തുകയും പെട്ടെന്ന് വീണ്ടും പറന്നുയരുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ചെന്നൈയിലേതാണെന്നതിന് ഇതുവരെ അധികൃതര്‍ സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് തന്നെ രംഗത്തെത്തിയതോടെയാണ് ദൃശ്യങ്ങള്‍ ചെന്നൈയിലേത് തന്നെയാണെന്ന് വ്യക്തമായത്.
ഇന്‍ഡിഗോയുടെ മുബൈ-ചെന്നൈ വിമാനമാണ് ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നത്. പ്രോട്ടോക്കോള്‍ പാലിച്ച് പൈലറ്റ് എടുത്ത തീരുമാനം ആണിതെന്നും ഗോ എറൗണ്ട് എന്ന രീതി അവലംബിക്കുകയായിരുന്നുവെന്നും ഇന്‍ഡിഗോ കമ്പനി അറിയിച്ചു. സുരക്ഷിത ലാന്‍ഡിങ് സാധ്യമല്ലെന്ന് ഉറപ്പായപ്പോള്‍ സ്വാഭാവികമായി എടുത്ത തീരുമാനമാണിത്. ഇന്‍ഡിഗോ പൈലറ്റുമാര്‍ ഇത്തരം അടിയന്തര സാഹചര്യം നേരിടാൻ പ്രാപ്തരാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വമാണ് ഇന്‍ഡിഗോക്ക് പ്രധാനമെന്നും വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
വിമാനം ഇറക്കാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്ന ദൃശ്യങ്ങൾ ചർച്ചയായതോടെ ആണ് വിശദീകരണം.ചെന്നൈയിൽ ഇന്നലെ രാവിലെ ഒരു ഇൻഡിഗോ വിമാനം ലാൻഡ് ചെയാൻ ശ്രമിച്ചതിനു ശേഷം, വീണ്ടും പറന്നുയരുന്നത് എന്ന പേരിലായിരുന്നു ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലാന്‍ഡിങിനായി റണ്‍വേയുടെ തൊട്ടു സമീപം എത്തിയ ഉടനെയാണ് പെട്ടെന്ന് മുകളിലേക്ക് ഉയര്‍ന്ന് പറന്നത്. ആടിയുലഞ്ഞശേഷം വിമാനം പറന്നുയരുന്ന വീഡിയോ ആണ് പ്രചരിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികൂല കാലാവസ്ഥയിലും ലാന്‍ഡിങിന് ശ്രമിച്ചതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഇന്‍ഡിഗോ രംഗത്തെത്തിയത്.
ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ മാത്രം ചെന്നൈയിൽ 226 വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പല വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങാൻ പ്രയാസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏറെനേരം വട്ടമിട്ടു പറന്നതിനു ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. അതേസമയം, ഫിൻജാൽ കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു. എല്ലാ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.