രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്
അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവന്റെ നിലപാട്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്. രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ത്രീ പൊലീസിൽ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കൾ പറഞ്ഞു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്.