Helicopter crash: ബിപിൻ റാവത്തിൻ്റേയും മധുലിക റാവത്തിൻ്റേയും ചിതാഭസ്മം ഹരിദ്വാറിൽ നിമഞ്ജനം ചെയ്തു

 ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും.അപകടത്തിൽ മരിച്ച സൈനികരിൽ അഞ്ചു പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. 

cremation of helicopter crash victims

​ദില്ലി: ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിൻ്റേയും (General Bipin Rawat) പത്നി മധുലിക റാവത്തിൻറെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു. ദമ്പതികളുടെ മക്കളായ കൃതിക, തരിണി എന്നിവരാണ് തീർത്ഥാടനകേന്ദ്രമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തി (Haridwar) ചിതാഭസ്മം നിമഞ്ജനം ചെയ്തത്. ഇന്ന് രാവിലെ ഇരുവരും ബ്രാർ സ്ക്വയർ ശ്മാശനത്തിലെത്തി ചിതാഭസ്മം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് ഹരിദ്വാറിലെത്തി മതാചാരപ്രകാരം ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. 

അപകടം നടന്ന ഹെലികോപ്റ്ററിൻറെ പൈലറ്റ് വിംഗ് കമാൻഡ‍‍‍‍ർ പൃഥ്വി സിംഗ് ചൗഹാൻറെ മൃതദ്ദേഹം ജന്മനാടായ ആഗ്രയിൽ എത്തിച്ച് സംസ്കരിച്ചു. അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറൻ്റ് ഓഫീസർ പ്രദീപ് അറയ്ക്കല്ലിൻ്റെ മൃതദേഹം തൃശ്ശൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ബിപിൻ റാവത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ലാൻസ് നായിക് സായ് തേജയുടെ മൃതദേഹം ഇന്ന് ബംഗളൂരുവിൽ എത്തിച്ചു. നാളെ പുലർച്ചയോടെ മൃതദേഹം സ്വദേശമായ ആന്ധ്രയിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകും. 

അതേസമയം ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും.അപകടത്തിൽ മരിച്ച സൈനികരിൽ അഞ്ചു പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. പുതിയ സംയുക്തസൈനിക മേധാവിയെക്കുറിച്ചുള്ള തീരുമാനവും ഉടനുണ്ടാകും എന്നാണ് സൂചന.

ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുമ്പോഴും അപകടകാരണത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തു വന്നിട്ടില്ല. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയിൽ സർക്കാരിന് നല്കിയേക്കും. വിഷയം വീണ്ടും പാർലമെൻറിൽ ഉന്നയിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.  

പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നടപടികളും ഉടൻ തുടങ്ങും എന്നാണ് സൂചന. കരസേന മേധാവി ജനറൽ എംഎം നരവനയെ നിയമിച്ചാൽ പുതിയ കരസേന മേധാവിയേയും ഇതിനോടൊപ്പം കണ്ടെത്തണം. പദവി ഏറെ നാൾ ഒഴിച്ചിടാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടി നാളെ പൂർത്തിയായേക്കും. 


 

Latest Videos
Follow Us:
Download App:
  • android
  • ios