മദ്യപിച്ചെത്തിയതിന് ശകാരിച്ച മുതലാളിയെ പാഠംപഠിപ്പിക്കാൻ യുവാവിന്റെ കടുംകൈ, അറസ്റ്റ്, നഷ്ടമായത് കോടികൾ
മദ്യപിച്ച് ജോലിക്കെത്തിയതിന് വജ്ര വ്യവസായി ശകാരിച്ചു. ജോലിക്കാരനായ യുവാവ് മുങ്ങിയത് കോടികളുടെ വജ്രവുമായി.
Representative image
ഗോരേഗാവ്: ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിന് സഹപ്രവർത്തകർക്ക് മുൻപിൽ വച്ച് ശകാരിച്ച തൊഴിലുടമയോട് പ്രതികാരം ചെയ്യാൻ യുവാവിന്റെ സാഹസം. അടിച്ച് മാറ്റിയത് കോടികളുടെ വജ്രം. സ്ഥാപനത്തിൽ നിന്ന് മുങ്ങിയതിന് പിന്നാലെ വജ്രങ്ങളുമായി തൊഴിലുടമയെ വെല്ലുവിളിച്ച് വീഡിയോകളും അയച്ച 40കാരനെയാണ് രാജസ്ഥാനിൽ നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഗോരേഗാവിലെ വജ്ര വ്യവസായിയായ കിരൺ രതിലാൽ റോകനിയുടെ സ്ഥാപനത്തിൽ നിന്നാണ് ജോലിക്കാരൻ 1.47 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയത്.
ഗോരോഗാവിലെ ജവഹർനഗറിലാണ് 63കാരനായ കിരൺ രതിലാൽ റോകനിയുടെ സ്ഥാപനമുള്ളത്. ഇവിടെ നിന്നാണ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന 40 കാരനായ സച്ചിൻ ജസ്വന്ത് മക്വാന കോടികളുടെ വജ്രങ്ങൾ അടിച്ചുമാറ്റിയത്. പിടികൂടാതിരിക്കാൻ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടിരുന്ന ഇയാളെ രാജസ്ഥാനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. 120ലേറെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഡിസംബർ 10നായിരുന്നു സച്ചിൻ 491 കാരറ്റുള്ള വജ്രങ്ങളുമായി മുങ്ങിയത്.
പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ പല വാഹനങ്ങളിലായിരുന്നു സച്ചിന്റെ സഞ്ചാരം. ഇതിനിടെയാണ് വജ്രങ്ങളും നിരത്തിവച്ച് മദ്യപിക്കുന്ന വീഡിയോ സച്ചിൻ തൊഴിലുടമയ്ക്ക് അയച്ച് നൽകിയത്. ഈ വീഡിയോയിലെ പശ്ചാത്തലത്തിലെ ചില ഹോർഡിംഗുകളാണ് സച്ചിന് വേണ്ടിയുള്ള തെരച്ചിലിൽ പൊലീസിനെ സഹായിച്ചത്. വീട്ടുകാരുമായി പോലും ഇയാൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ വീഡിയോയിൽ സച്ചിനൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസിന് കണ്ടെത്താനായി. ഇതിന് പിന്നാലെയാണ് യുവാവിനെ രാജസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നഷ്ടമായ വജ്രത്തിന്റെ ഏറിയ പങ്കും ഒരു ലക്ഷം രൂപയോളവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം