സിപിഎം ഓഫീസ് മിശ്രവിവാഹങ്ങൾക്കായി തുറന്നിടുമെന്ന് തിരുനെൽവേലി ജില്ലാസെക്രട്ടറി; ഓഫീസ് ആക്രമിച്ച 13 പേർ പിടിയിൽ

മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. 

CPM office always open for Interfaith Marriages says Tirunelveli District Secretary

ചെന്നൈ: സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങള്‍ പാർട്ടി നടത്തിക്കൊടുക്കുമെന്നും ശ്രീറാം വ്യക്തമാക്കി. മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഓഫീസ് ആക്രമിച്ച സംഭവത്തിൽ 13 പേരെ അറസ്റ്റ് ചെയ്തു. 

തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ദളിത്‌ യുവാവും പ്രബല ജാതിയിൽപ്പെട്ട പെൺകുട്ടിയും തമ്മിലുള്ള വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകർത്തത്. 

മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി സിപിഎം പ്രവർത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ്  ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടത്. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുമെല്ലാം നശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹ രജിസ്ട്രേഷൻ നടത്താൻ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇടപെടൽ മൂലം കഴിയാതിരുന്നതോടെയാണ് ഇരുവരും സിപിഎം ഓഫീസിലെത്തിയത്. സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ സിപിഎം ഓഫീസിലെത്തി ആക്രമണം നടത്തിയത്. വിവരം പൊലീസ് ചോർത്തി നൽകിയതാണെന്ന് സിപിഎം ആരോപിച്ചു. വിവാഹിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു.  

ആ വൈറൽ വീഡിയോ, അമിത് ഷാ എന്താണ് പറഞ്ഞത്? പ്രതികരിച്ച് തമിഴിസൈ സൗന്ദർരാജൻ

Latest Videos
Follow Us:
Download App:
  • android
  • ios