കോവിഷീല്‍ഡ് വാക്‌സീനിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രമന്ത്രി
കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് സുതാര്യമായും ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സ്വന്തമായ മാര്‍ഗങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്-മന്ത്രി ട്വീറ്റ് ചെയ്തു.
ദില്ലി: കൊവിഡിനെതിരെയുള്ള കോവിഷീല്‍ഡ് വാക്‌സീനിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആറുമുതല്‍ എട്ടാഴ്ച വരെയായിരുന്ന ഇടവേള ഇപ്പോള്‍ 12-16 ആഴ്ചയാക്കി ഉയര്‍ത്തിയതില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനം സുതാര്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
''കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് സുതാര്യമായും ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സ്വന്തമായ മാര്‍ഗങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്''-മന്ത്രി ട്വീറ്റ് ചെയ്തു.
ദേശീയ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ തലവന്‍ ഡോ. എന്‍കെ അറോറയെ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയത്. രണ്ട് ഡോസുകളുടെ ഇടവേള 12-16 ആഴ്ചയായാലും ഫലപ്രാപ്തി 65-88 ശതമാനമാണെന്ന് അറോറ വ്യക്തമാക്കി. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനം ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇടവേള വര്‍ധിച്ചപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, എട്ട് മുതല്‍ 12 ആഴ്ചവരെ ഇടവേള വര്‍ധിപ്പിക്കുന്നത് മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് എംഡി ഗുപ്‌തെ അടക്കമുള്ള ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ട് മുതല്‍ 12 ആഴ്ചവരെ ഇടവേള വര്‍ധിപ്പിച്ചത് എല്ലാവരും അംഗീകരിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ അറിയിപ്പ് വന്നപ്പോള്‍ 12-16 ആഴ്ചയായി. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി മുന്‍ മേധാവിയായിരുന്ന എംഡി ഗുപ്‌തെ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona